വലതുകാൽ മുറിച്ചുമാറ്റിയ സംഭവം: അബ്ദുൾ ജബ്ബാർ ഗവ. ആശുപത്രിയിൽ കുത്തിയിരിപ്പ് സമരം തുടങ്ങി

പറവൂർ: വലതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്ന കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൾ ജബ്ബാർ ആശുപത്രിക്കു മുന്നിൽ കുത്തിയിരിപ്പു സമരം തുടങ്ങി. താലൂക്ക് ഗവ. ആശുപത്രിയിലെ ചികിത്സാപിഴവ് കാരണമാണ് കാൽ മുറിക്കേണ്ടിവന്നതെന്നും, കുറ്റക്കാരായ ഡോക്ടർമാർക്കെതിരേ നടപടി എടുക്കണമെന്നുമാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് അബ്ദുൾ ജബ്ബാർ സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറവൂർ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
ആശുപത്രിയിൽ നൽകിയ വിവരാവകാശ രേഖയ്ക്ക് 40 ദിവസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇതുവരെയും മൊഴിയെടുത്തിട്ടില്ല. ആശുപത്രി സൂപ്രണ്ട് ആഷ കെ. ജോണിനെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.ഇതിനിടെ സമരം ചെയ്യുന്ന അബ്ദുൾ ജബ്ബാറുമായി നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരനും ചർച്ച നടത്തി. തന്റെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി അബ്ദുൾ ജബ്ബാർ അവരെ അറിയിച്ചു.
അബ്ദുൾ ജബ്ബാറിന്റെ കാൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം തിങ്കളാഴ്ച കൂടിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലും ചർച്ച ചെയ്തു. കുറ്റക്കാരനെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായ നിലയ്ക്ക് ഡോക്ടർക്കെതിരേ നടപടി വേണമെന്ന് യോഗത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എ. രാജീവും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദനും ആവശ്യപ്പെട്ടു.
സമരത്തിലിരിക്കുന്ന അബ്ദുൾ ജബ്ബാറിനെ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ സന്ദർശിച്ചു.
Content Highlights: Abdul Jabbar is protesting in front of Paravur Taluk Hospital after his leg was amputated below the knee due to alleged medical negligence., Demanding action against the responsible doctors and the removal of Hospital Superintendent Asha K. John during the investigation., Police have initiated steps to register an FIR based on his complaint to the State Police Chief., Local leaders, municipal authorities, and political figures like S. Sharma have visited the protesting victim.