താമസിക്കാനായ് വീടൊരുക്കിയ നാട്ടുകാർ കബറിടമൊരുക്കി യാത്രയാക്കി

പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ച സൈനബ, മക്കളായ മുഹമ്മദ് ആഷിഖ്, ഫാത്തിമ ഫാർസീല എന്നിവരുടെ മൃതദേഹങ്ങൾ വീണാലുക്കലിൽ എത്തിച്ചപ്പോൾ
പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ച സൈനബ, മക്കളായ മുഹമ്മദ് ആഷിഖ്, ഫാത്തിമ ഫാർസീല എന്നിവരുടെ മൃതദേഹങ്ങൾ വീണാലുക്കലിൽ എത്തിച്ചപ്പോൾ

പറപ്പൂർ: പറപ്പൂർ പാടത്തെ താഴേക്കാട്ട് പഞ്ചായത്ത് കുളത്തിൽ മുങ്ങിമരിച്ച സൈനബ, മക്കളായ മുഹമ്മദ് ആഷിഖ്, ഫാത്തിമ ഫാർസീല എന്നിവരുടെ മൃതദേഹങ്ങൾ വീണാലുക്കലിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ യാത്രയാക്കാനായി നാട്ടുകാർ ഒത്തുകൂടി.

താമസിക്കാൻ വീടില്ലാതെ ഈ കുടുംബം വാടകവീടുകൾ കയറിയിറങ്ങി ബുദ്ധിമുട്ടിയപ്പോൾ സഹായത്തിനെത്തിയപോലെ. ഏകദേശം മുപ്പത് വർഷംമുമ്പാണ് മധുര സ്വദേശി കുമ്മൂറ്റിക്കൽ മൊയ്തീനും ഭാര്യ കണ്ണൂർ സ്വദേശി സൈനബയും ജോലിക്കായി പറപ്പൂർ പഞ്ചായത്തിലെത്തിയത്.

പെയിന്റിങ്ങായിരുന്നു ഇവരുടെ ജോലി. ചീരങ്ങൻ സൈനബയുടെ പിതാവ് പറപ്പൂർകാരനായതിനാലാണ് ഇവർ ഇവിടെ എത്തിയത്.

സ്വന്തമായി വീടില്ലാത്ത ഇവർ വാടകവീടുകളിൽ മാറിമാറി താമസിച്ചു. കുട്ടികളായതോടെ വാടകയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി തുക കണ്ടെത്താനാവാഞ്ഞതോടെ കുടുംബം സാമ്പത്തികബുദ്ധിമുട്ടിലായി. ഇതിനിടയിലായിരുന്നു മൊയ്തീന്റെ മരണം. ഇതോടെ കുട്ടികളുടെ പഠനവും കുടുംബച്ചെലവും കണ്ടെത്താനായി സൈനബ വീട്ടുജോലിക്ക് പോയിത്തുടങ്ങി. അതിനിടയിലായിരുന്ന ഇവർ പാവപ്പെട്ടവർക്ക് വീടും കിണറും നിർമിച്ചുനൽകുന്ന വീണാലുക്കൽ പൗരസമിതിയെക്കുറിച്ചറിഞ്ഞതും സൈനബ അവരോട് വീടുവെച്ചുനൽകുമോ എന്നന്വേഷിച്ചതും.

ഇവർ വാടകയ്ക്ക് താമസിക്കുന്ന പുത്തനാറക്കലെ സ്ഥലത്തെത്തിയ പൗരസമിതിയംഗങ്ങൾ താമസസ്ഥലത്തെ ദയനീയകാഴ്ച കണ്ടതോടെ ഇവർക്ക് വീട് നിർമിച്ചുനൽകുകയായിരുന്നു. പറപ്പൂർ ഐയു ഹയർസെക്കൻഡറി വിദ്യാലയത്തിലെ ഫാർസീലയുടെ സുഹൃത്തുക്കളും യാത്ര പറയാനെത്തി. എസ്ജെഎം കമ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനുശേഷം വീണാലുക്കൽ ജുമാമസ്ജിദിൽ കബറടക്കി. മയ്യത്ത് നമസ്‌കാരത്തിന് ബാവ ഉസ്താദ് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജ, ജില്ലാപഞ്ചായത്തംഗങ്ങളായ പി.കെ. അസ്ലു, കെ.വി. മുഹമ്മദ് അലി, പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, പറപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ പറപ്പൂർ തുടങ്ങിയവർ അനുശോചനമറിയിക്കാനെത്തി. മൃതദേഹപരിശോധനയിൽ അസ്വാഭാവികതയൊന്നും പ്രാഥമികമായി കണ്ടെത്താനായിട്ടില്ലെന്ന് വേങ്ങര പോലീസ് പറഞ്ഞു. ഇവരുടെ മരണത്തോടെ ഒറ്റപ്പെട്ട മകൻ മുഹമ്മദ് ഫാസിലിനൊപ്പം നാട്ടുകാരുണ്ടാകുമെന്ന് വീണാലുക്കൽ പൗരസമിതിയും ഗ്രാമപ്പഞ്ചായത്തംഗം നാസർ പറപ്പൂരും അറിയിച്ചു.

Content Highlights: A mother and her two children tragically drowned in Parappur.