യു.ഡി.എഫിന് എൽ.ഡി.എഫ് പിന്തുണ:പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം പോയി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

അമ്മാടം: പാറളം പഞ്ചായത്തിൽ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ്. പിന്തുണച്ചതോടെ ബി.ജെ.പി.ക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് അനിതാ പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരേയാണ് യു.ഡി.എഫിന്റെ ആറ് അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ആകെ 17- അംഗങ്ങളിൽ പ്രസിഡന്റിന് എതിരേയുള്ള പ്രമേയത്തെ അനുകൂലിച്ച് അഞ്ച് യു.ഡി.എഫ്. അംഗങ്ങളും അഞ്ച് എൽ.ഡി.എഫ്. അംഗങ്ങളും ഉൾപ്പടെ 10 പേർ വോട്ട് ചെയ്തു.

യു.ഡി.എഫ്. അംഗം റിൻസി ഷാബുവിന്റെ വോട്ട് അസാധുവായി. അവിശ്വാസ പ്രമേയത്തെ എതിർത്ത് ആറ് ബി.ജെ.പി. അംഗങ്ങൾ വോട്ട് ചെയ്തു. വൈസ് പ്രസിഡന്റിന് എതിരേയുള്ള പ്രമേയത്തെ അനുകൂലിച്ച് ആറ് യു.ഡി.എഫ്. അംഗങ്ങളും അഞ്ച് എൽ.ഡി.എഫ്. അംഗങ്ങളും ഉൾപ്പെടെ 11 പേർ വോട്ട് ചെയ്തു. പ്രമേയത്തെ എതിർത്ത് ആറ് ബി.ജെ.പി. അംഗങ്ങളും വോട്ട് ചെയ്തു.

പാറളം പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒൻപത് മാസം മുൻപാണ് ബി.ജെ.പി. ഭരണം പിടിച്ചത്. കോൺഗ്രസിന് ആറും ബി.ജെ.പി.ക്ക് ആറും സി.പി.ഐ.യ്ക്ക് മൂന്നും സി.പി.എമ്മിന് രണ്ടും അംഗങ്ങളാണുള്ളത്. അന്ന്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വി.പി. ബിന്ദു എന്ന കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ആറ് വോട്ട് കിട്ടിയ ബി.ജെ.പി.യുടെ അനിതാ പ്രസന്നൻ പ്രസിഡന്റായി. അസാധു വോട്ട് ചെയ്ത ബിന്ദുവിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. ഈയിടെ പാർട്ടി സസ്പെൻഷൻ പിൻവലിച്ചു.

Content Highlights: BJP lost power in Paralam Panchayat for the first time in its history., UDF brought the no-confidence motion against President Anita Prasannan and Vice President Manoj Ayyappath., LDF supported the UDF no-confidence motion, leading to 10 votes in favor of the president's motion., Six BJP members voted against the motion.