പന്തീരാങ്കാവിലെ ഗതാഗതക്കുരുക്ക്: പരിഹരിക്കാൻ വഴികളുണ്ട്; നിർദേശങ്ങളുമായി പോലീസും സംഘടനകളും

പന്തീരാങ്കാവ്(കോഴിക്കോട്): ദേശീയപാത 66 പൂർത്തിയായതോടെ പന്തീരാങ്കാവിൽ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടസാധ്യതകൾക്കും പരിഹാരംതേടി ബദൽ നിർദേശങ്ങൾ. നിലവിൽ പെരുമണ്ണ, പാലാഴി, മാങ്കാവ്, രാമനാട്ടുകര ഭാഗങ്ങളിൽനിന്നും സർവീസ് റോഡുകൾവഴി വരുന്ന എഴുപതിലേറെ ബസുകളും മറ്റുവാഹനങ്ങളുമെല്ലാം വിവിധ ഭാഗങ്ങളിലേക്ക് കടന്നുപോകുന്നത് പന്തീരാങ്കാവിലെ മേൽപ്പാലത്തിനടിയിലൂടെയാണ്. നിയന്ത്രണമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതുകാരണം ഗതാഗതക്കുരുക്ക് പതിവാണ്. ഇതിനിടെയാണ് ടോൾപ്ലാസ വെട്ടിച്ചു വരുന്ന ദീർഘദൂര യാത്രാവാഹനങ്ങൾ ഈ റോഡുകളിലേക്ക് കയറിവരുന്നത്. ഇതോടെ മണിക്കൂറുകൾ നീളുന്ന കുരുക്ക് പതിവാണ്.
മേൽപ്പാലത്തിന് താഴെ നിലവിലുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി അല്പംമാറി ഒരുഭാഗത്തെ സർവീസ് റോഡിൽനിന്ന് മറുഭാഗത്തെ സർവീസ് റോഡിലേക്ക് സമാന്തര റോഡുകൂടി തുറന്നാൽ ധാരാളം വാഹനങ്ങൾക്ക് ജങ്ഷനിൽ വരാതെ ഇതുവഴി കടന്നുപോകാനാകും.
അതോടെ ഗതാഗക്കുരുക്കിന് വലിയപരിഹാരം കാണാനാകും എന്നാണ് അഭിപ്രായം ഉയരുന്നത്.
രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങൾക്കടിയിൽ ഈ രീതിയിൽ നിർമിച്ച സമാന്തരറോഡുകളും ഗതാഗതത്തിനുണ്ടാക്കിയ സൗകര്യവുമാണ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. പന്തീരാങ്കാവ് ജങ്ഷനിലും അങ്ങാടിയിലും ദിവസവും ഉണ്ടാകുന്ന കുരുക്കിന് ബദൽനിർദേശങ്ങൾ ആദ്യമായി മുന്നോട്ടുവെയ്ക്കുന്നത് പന്തീരാങ്കാവ് പോലീസാണ്.
പിന്നീട് വിവിധസംഘടനകളും ഇതേ ആവശ്യങ്ങളുന്നയിച്ചിരുന്നു. 2025 സെപ്റ്റംബർ മാസത്തിൽ അന്നത്തെ പന്തീരാങ്കാവ് പോലീസ് ഇൻസ്‌പെക്ടർ ഈ ബദൽ സംവിധാനം എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നൽകിയിട്ടും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല.
Content Highlights: Exploring alternative road solutions to ease severe traffic congestion and accident risks at Pantheerankavu Junction, Kozhikode. Learn about proposed bypasses.