പന്തീരാങ്കാവ് ടോൾപ്ലാസ; തിരക്ക് കുറഞ്ഞു,തുടക്കത്തിൽ ഒരുദിവസം 40,000 വാഹനങ്ങൾ,ഇപ്പോൾ 30,000

പന്തീരാങ്കാവ് ഒളവണ്ണ ടോൾപ്ലാസയിൽ ടോൾ നൽകാൻ കാത്തിരിക്കുന്ന വാഹനങ്ങൾ
പന്തീരാങ്കാവ് ഒളവണ്ണ ടോൾപ്ലാസയിൽ ടോൾ നൽകാൻ കാത്തിരിക്കുന്ന വാഹനങ്ങൾ

കോഴിക്കോട്: പന്തീരാങ്കാവ് ഒളവണ്ണയിലെ ടോൾപ്ലാസയിലെ തിരക്ക് കുറഞ്ഞു. തുടക്കത്തിൽ ഒരുദിവസം 40,000 വാഹനങ്ങൾവരെ കടന്നുപോയിടത്ത് ഇപ്പോൾ ശരാശരി 30,000 വാഹനങ്ങൾ മാത്രമാണുള്ളതെന്ന് ടോൾപ്ലാസ അധികൃതർ അറിയിച്ചു.

ഇരുവശങ്ങളിൽനിന്നുമായി വരുന്ന 5000-ത്തിലേറെ വാഹനങ്ങൾ ടോൾ ഒഴിവാക്കി മറ്റുപല വഴികളിലൂടെയും പോകുന്നുണ്ടെന്നും അവർ പറഞ്ഞു.

പകൽസമയങ്ങളിൽ നോർത്ത് ടോൾ പ്ലാസയിലും വൈകീട്ട് മുതൽ സൗത്തിലുമാണ് വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്നത്. ടോൾപ്ലാസയിലൂടെ കടന്നുപോകുന്ന 20 ശതമാനത്തോളം വാഹനങ്ങൾക്കും ഇപ്പോഴും ഫാസ്ടാഗ് സൗകര്യം ഇല്ലെന്ന് ടോൾപ്ലാസയുടെ കരാറെടുത്ത കമ്പനി മാനേജർ കുമാർ പാണ്ഡെ അറിയിച്ചു. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ രണ്ടുമുതൽ അഞ്ചുമിനിറ്റുവരെ ടോൾപ്ലാസ കടക്കാനെടുക്കുന്നുണ്ട്. ഈ സമയങ്ങളിലാണ് നിരയിലുള്ള വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത്. ടോളിന് സമീപത്തായി പുതിയ ഫാസ്ടാഗ് എടുക്കാനുള്ള 10 കൗണ്ടറുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുവഴി ഒരുദിവസം 200-നടുത്ത് വാഹനങ്ങൾ ഫാസ്ടാഗ് കണക്ഷൻ എടുക്കുന്നുണ്ട്.

ടോൾപ്ലാസ നടത്തിപ്പ് നഷ്ടത്തിലാണെന്നും കുമാർ പാണ്ഡെ അറിയിച്ചു. 38 ലക്ഷം രൂപയാണ് കരാറെടുത്ത ഹുലെ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ദേശീയപാത അതോറിറ്റിക്ക് അടയ്‌ക്കേണ്ടത്. മിക്ക ദിവസങ്ങളിലും ഈ തുക പിരിച്ചെടുക്കാൻ കഴിയുന്നില്ല. ചൊവ്വാഴ്ച 28 ലക്ഷംമാത്രമാണ് പിരിച്ചെടുക്കാൻ കഴിഞ്ഞതെന്നും കുമാർ പാണ്ഡെ അറിയിച്ചു.

ജീവനക്കാർക്കുനേരേയുള്ള ആക്രമണം; ഇതുവരെ മൂന്ന് കേസുകൾ

ടോൾപ്ലാസയിലെ ജീവനക്കാരെ ആക്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇതുവരെ മൂന്ന് കേസുകൾ ടോൾപ്ലാസ അധികൃതർ പന്തീരാങ്കാവ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരൻ ടോൾബൂത്തിലെ ജീവനക്കാരനെ മർദിച്ചതാണ് അവസാനത്തെ കേസ്. ടോൾപ്ലാസയിൽ അടിക്കടിയുണ്ടാകുന്ന വാക്കേറ്റത്തിനിടെ ഒരു മലയാളി ജീവനക്കാരിയുടെ കാലിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങിയ സംഭവവും ഈയിടെ ഉണ്ടായിരുന്നു.

Content Highlights: Pantheerankavu toll plaza sees reduced traffic, with many vehicles avoiding it