ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം

പ്രതീകാത്മക ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

കണ്ണൂര്‍: ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്ത പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി. പാനൂര്‍ കുന്നോത്ത്പറമ്പ് സ്വദേശി അമല്‍ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ബാക്കി വന്ന ബോംബുകള്‍ അന്നത്തെ ഡിവൈഎഫ്െഎ യൂണിറ്റ് സെക്രട്ടിയായിരുന്ന അമല്‍ബാബു ഒളിപ്പിച്ചതായി പാനൂര്‍ പോലീസ് കണ്ടെത്തിയിരുന്നു.

2024 ഏപ്രില്‍ അഞ്ചിന് മൂളിയാട്ടെ വീട്ടിന്റെ ടെറസില്‍നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ കുന്നോത്ത്പറമ്പ് മുളിയാത്തോട് എലിക്കൊത്തിന്റവിട ഷെരിന്‍ (31) ആണ് മരിച്ചത്. ഷെരിന്‍ ഉള്‍പ്പെടെ കേസില്‍ 12 പ്രതികളാണുള്ളത്.

ഡിവൈഎഫ്‌ഐയുമായോ സിപിഎമ്മുമായോ പ്രതികള്‍ക്ക് ബന്ധമില്ലെന്ന് അന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

അമല്‍ബാബുവിനെ നേരത്തേ തിരിച്ചെടുത്തിരുന്നുവെന്ന് സിപിഎം വ്യക്തമാക്കി. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അന്വേഷണത്തില്‍ അമല്‍ബാബുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്നും സിപിഎം വിശദീകരിക്കുന്നു.

Content Highlights: Amal Babu, accused in the Panoor bomb blast has been appointed as CPM branch secretary.