അതിരുകല്ല് പിഴുതെറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥയെ തൊഴിച്ചു, മുടിയിൽ പിടിച്ചുവലിച്ചു; യുവതി അറസ്റ്റിൽ

പന്തളം: അയൽതർക്കം തീർക്കാൻ വസ്തുവിന്റെ അളവ് നടക്കുന്നതിനിടെ അതിരുകല്ല് പിഴുതെറിയുകയും പോലീസ് ഉദ്യോഗസ്ഥയെ അക്രമിക്കുകയും ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തു. പന്തളം കളരിക്കൽ തുണ്ടിൽ വീട്ടിൽ കെ.പി. ചിത്ര(38) ആണ് അറസ്റ്റിലായത്. ഇവർ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ കാലിൽ തൊഴിക്കുയും യൂണിഫോമിലും മുടിയിലും പിടിച്ചുവലിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പരിക്കേറ്റ ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വനിതാ പോലീസ് എത്തിയാണ് അക്രമം നടത്തിയ യുവതിയെ കസ്റ്റഡിയിൽ എടുത്തത്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുനനു സംഭവം. പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തുതർക്കം പരിഹരിക്കുന്നതിന് താലൂക്ക് സർവേയർ ഭൂമി അളക്കുന്നതിനായി എത്തി.
അയൽവാസിയുടെ വസ്തു അളന്നുതിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുതെറിഞ്ഞു. താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ സുനിയെയാണ് യുവതി ആക്രമിച്ചത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റിയശേഷം പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണ് യുവതിക്കെതിരായ കേസ്. ഇവരെ കോടതി റിമാൻഡുചെയ്തു.
Content Highlights: A 38-year-old woman was arrested in Pandalam for assaulting a police officer and obstructing land surveying duties.