എതിർനീക്കം പ്രതിരോധിക്കാൻ ഖാസിഫൗണ്ടേഷനുമായി പാണക്കാട് കുടുംബം

#കെ.പി. ഷൗക്കത്തലി
ജിഫ്രി മുത്തുക്കോയ തങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (ഫയൽ ചിത്രം)
ജിഫ്രി മുത്തുക്കോയ തങ്ങളുമായി സൗഹൃദ സംഭാഷണം നടത്തുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (ഫയൽ ചിത്രം)

കല്പറ്റ: സമുദായവിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഖാസി ഫൗണ്ടേഷനുമായി പാണക്കാട് കുടുംബം. പാണക്കാട് കുടുംബത്തിന്റെ മുസ്‌ലിംസമുദായ നേതൃത്വമെന്ന പ്രാധാന്യം ചോദ്യംചെയ്തുകൊണ്ട് സമസ്തയിലെ രണ്ടാംനേതൃനിരയിലുള്ള ചിലരുടെ ഭാഗത്തുനിന്നടക്കം നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷൻ രൂപവത്കരിക്കുന്നത്. പാണക്കാട് കുടുംബവും മുസ്‌ലിം ലീഗുമായും പരമ്പരാഗതമായി ആഭിമുഖ്യമുള്ള സമസ്തയിലെ പണ്ഡിതരായിരിക്കും ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുകയെന്നാണ് സൂചന.

പാണക്കാട് ആസ്ഥാനമായുള്ള ഖാസി ഫൗണ്ടേഷനുകീഴിൽ മുതിർന്ന മതപണ്ഡിതരെ ഉൾപ്പെടുത്തി ഖാസി ഹൗസ് സ്ഥാപിക്കും. മത വിഷയങ്ങളിൽ ഫത്‌വ പുറപ്പെടുവിക്കുക, സാമുദായിക തർക്കങ്ങൾ പരിഹരിക്കുക തുടങ്ങി കേരളത്തിലെ ഇസ്‌ലാം മതവിശ്വാസികളുടെ അതിപ്രധാന കേന്ദ്രമാക്കി ഖാസിഭവനെ മാറ്റും. മഹല്ലുകളുടെ േക്രാഡീകരണവും ഖാസിഭവനു കീഴിലായിരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം. ബദൽ സംവിധാനമാവാതെ സമസ്തയെക്കൂടെ സഹകരിപ്പിച്ചുകൊണ്ടുപോവാനാണ് തീരുമാനം. ഫെബ്രുവരി 17-ന് കോഴിക്കോട്ട് നടക്കുന്ന ഫൗണ്ടേഷന്റെ സംസ്ഥാനതല സംഗമത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങളെ പങ്കെടുപ്പിക്കും.

ഒരുമാസം മുൻപാണ് മഹല്ല് പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഫൗണ്ടേഷനുണ്ടാക്കുക എന്ന ആശയമുണ്ടായത്. അതിന്റെ തുടർച്ചയായി സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പാണക്കാട് കുടുംബത്തിൽ നിന്നുള്ളവർ ഖാസിമാരായ മഹല്ലുകളുടെ സംഗമം മൂന്ന് ജില്ലകളിൽ പൂർത്തിയായി. കോഴിക്കോട്ടെ സംസ്ഥാനതല സംഗമത്തോടെയാണ് ഫൗണ്ടേഷന് അന്തിമരൂപമുണ്ടാവുകയും സംവിധാനത്തിലേക്കു വരികയും ചെയ്യുക.

വയനാട്, കണ്ണൂർ, തൃശ്ശൂർ, തമിഴ്‌നാട്ടിലെ നീലഗിരി എന്നീ ജില്ലകളിൽ സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാഖാസി. ഇതിനു പുറമെ മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ മറ്റുജില്ലകളിലെ പല മഹല്ലുകളിലും പാണക്കാട് കുടുംബത്തിൽനിന്നുള്ളവരെ ഖാസിമാരായി നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് സമസ്തയ്ക്കു പുറമെ, ഒട്ടേറെ മഹല്ലുകൾ ഫൗണ്ടേഷനുകീഴിൽ വരും. പലയിടത്തും അതുകൊണ്ട് ഫൗണ്ടേഷന് സ്വാധീനമുണ്ടാക്കാൻ കഴിയും. ജില്ലാതലത്തിൽ കൃത്യമായ ഏകോപനമുണ്ടാവാൻ അസിസ്റ്റന്റ് ഖാസിമാരെയും നിയോഗിക്കുന്നുണ്ട്. വയനാട്ടിൽ സമസ്ത ഉന്നതാധികാര സമിതിയംഗം കെ.ടി. ഹംസ മുസ്‌ല്യാരെയാണ് അസി. ഖാസിയായി നിയമിച്ചിട്ടുള്ളത്.

Content Highlights: Panakkad family with Khasi Foundation