ഇസ്‌ലാമിലും ഖുർആനിലും ലിംഗവിവേചനമില്ല, പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നു–പാളയംഇമാം

#ന്യൂസ് ഡെസ്ക്
പാളയം ഇമാം വി.പി. സുഹൈബ് മൗലവി | Photo: Biju Mathrubhumi
പാളയം ഇമാം വി.പി. സുഹൈബ് മൗലവി | Photo: Biju Mathrubhumi

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പരാമർശത്തിനെതിരേ പാളയം ഇമാം ഷുഹൈബ് മൗലവി. ഇസ്‌ലാമിലും ഖുർ ആനിലും ഒരുതരത്തിലുള്ള ലിംഗവിവേചനവുമില്ലെന്ന് അദ്ദേഹം പാളയം പള്ളിയിൽ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

എന്തെങ്കിലും പറഞ്ഞ് ഇസ്‌ലാമിനെ യാഥാസ്ഥികമാക്കി ചിത്രീകരിക്കാൻ വെമ്പൽകൊള്ളുന്നതാണ് സമീപനമെന്നും കാന്തപുരത്തിന്റെ പേര് പരാമർശിക്കാതെ വിമർശിച്ചു. ‘അത് നേരേയാക്കിയെടുക്കാൻ കഴിയില്ല. എന്നാൽ, വിശ്വാസികൾ ഇസ്‌ലാമിക ചരിത്രം തിരിച്ചറിയണം.’ അദ്ദേഹം പറഞ്ഞു. 

‘പ്രവാചകകാലത്തുതന്നെ സ്ത്രീകൾ പൊതുരംഗത്തുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യ വിവാഹത്തിനുശേഷം വ്യാപാരം നടത്തിയിരുന്നു. പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് നേതൃത്വം നൽകിയിരുന്നു. സാമൂഹിക-രാഷ്ട്രീയ ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ സ്ത്രീയും പുരുഷനും സജീവമാകാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.’ അദ്ദേഹം ഓർമിപ്പിച്ചു. 

‘യാഥാസ്ഥിതിക-ലിബറൽ തീവ്രതകളെ തള്ളിക്കളയണം. പ്രപഞ്ചനാഥന് ആൺ-പെൺ വ്യത്യാസമില്ല. പക്ഷാപതിത്വവും വിവേചനവുമില്ലാതെ സത്‌പ്രവൃത്തികൾക്ക് പ്രതിഫലം നൽകുമെന്നാണ് ഖുർ ആനിൽ പറയുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.