ഇസ്ലാമിൽ ലിംഗവിവേചനമില്ല; സ്ത്രീകൾക്കുമേൽ അനാവശ്യ നിയന്ത്രണങ്ങൾ വേണ്ടെന്ന് പാളയം ഇമാം

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിലപാടുകളെ തള്ളി പാളയം ഇമാം. ഇസ്ലാമിൽ യാതൊരുവിധ ലിംഗവിവേചനവുമില്ലെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്ലാമിൽ ഒരിടത്തും പറയുന്നില്ല. സ്ത്രീകൾക്കുമേൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ സൂക്ഷ്മതയോടെ സ്ത്രീകൾ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടത്. ഇതാണ് ഇസ്ലാമിൽ ശരിയായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സ്വഹാബിമാരുടെ കാലംമുതലുള്ള ഇസ്ലാമിന്റെ പാരമ്പര്യം ഇതിന് തെളിവാണ്. അക്കാലത്ത് സ്ത്രീകളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവുമുണ്ടായിരുന്നു. പിൽക്കാലത്ത് വന്ന ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് വിലക്കുകൾ കൊണ്ടുവന്നത്. അവരാണ് സ്ത്രീകൾക്കെതിരെ അനാവശ്യമായ അരുതുകൾ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ സമൂഹത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. സമുദായത്തിന് തന്നെ ഇതിൽ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. കാന്തപുരത്തിനെതിരെ മുജാഹിദ് സംഘടനയായ ഐ.എസ്.എമ്മും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന പരാമർശങ്ങൾ തെറ്റാണെന്ന് സി.പി.എം. നേതാവ് എൻ. ഷംസീർ വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും ഷംസീർ പറഞ്ഞു.
Content Highlights: Palayam Imam VP Suhaib Moulavi openly rejected Kanthapuram AP Aboobacker Musliyar's anti-women stance, stating that Islam does not enforce gender discrimination or restrict women from participating in society, while leaders from various organizations and political parties also condemned the remarks.