പാലത്തായി കേസില്‍ പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തു; റിട്ട.ഡിവൈഎസ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

#മാതൃഭൂമി ന്യൂസ്
പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്ഷപ്പെട്ട പദ്മരാജനെ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
പാലത്തായി പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്ഷപ്പെട്ട പദ്മരാജനെ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി

കണ്ണൂര്‍: പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന്റെ അവസാന ഉദാഹരണമാണ് പാലത്തായി കേസെന്ന് വിരമിച്ച ഡിവൈഎസ്പി ആയ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എസ്‌ഐടിയും അന്വേഷിച്ചിട്ടും പോക്‌സോ കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ഇക്കാര്യം പറഞ്ഞതായും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പാലത്തായി കേസില്‍ ബിജെപി നേതാവും അധ്യാപകനുമായിരുന്ന പദ്മരാജനെ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

പാലത്തായി കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ പോക്‌സോ ആക്ട് നിലനില്‍ക്കില്ല എന്നാണ് കോടതിയില്‍ നല്‍കിയത്. അതുതന്നെയാണ് ശരി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ മനസിലാക്കാന്‍ സാധിച്ചതെന്നും റഹീം പറയുന്നു. രാഷ്ട്രീയ എതിരാളികളെ ഏറ്റവും എളുപ്പത്തില്‍ കുടുക്കാന്‍ പറ്റുന്ന ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് പോക്‌സോ ആക്ടെന്നും ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മിക്ക പോക്‌സോ കേസുകളും കോടതിയില്‍ വിചാരണക്ക് എത്തുന്നതോടെ ശിക്ഷിക്കപ്പെടുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരം കേസുകളിലെ ഇര കോടതി മുമ്പാകെ പ്രതി, തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ തന്നെ മിക്ക കോടതികളും പ്രതികളെ ശിക്ഷിക്കുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറയുന്നു.

പാലത്തായി കേസില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പോക്‌സോ വകുപ്പ് ചുമത്താതെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് വനിതാ ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തി എസ്‌ഐടി രൂപീകരിച്ചു. അവര്‍ നടത്തിയ അന്വേഷണത്തിലും പോക്‌സോ വകുപ്പ് ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. പിന്നീട് അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ രത്‌നകുമാറിനെ കേസ് അന്വേഷണം ഏല്‍പ്പിച്ചത്. ഇദ്ദേഹമാണ് പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെയും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പദ്മരാജനെ കോടതി മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ പദ്മരാജന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയം രാഷ്ട്രീയമായി ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.