40 ഡിഗ്രിയും കടന്ന് വെന്തുരുകി പാലക്കാട്; എന്നാൽ ഇവിടെ രാജേട്ടന്റെ കടയിൽ മഴപെയ്യും

യാക്കരയിലെ 'രാജേട്ടന്റെ കട' എന്ന ഹോട്ടലിന് മുകളില്‍ സ്പ്രിംഗ്ലര്‍ വഴി ഒരുക്കിയിരിക്കുന്ന കൃത്രിമമഴ. ചൂട് അസഹ്യമായതോടെയാണ് ഓലപ്പുരയ്ക്കുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സ്പ്രിംഗ്ലര്‍ സ്ഥാപിച്ചത്
യാക്കരയിലെ 'രാജേട്ടന്റെ കട' എന്ന ഹോട്ടലിന് മുകളില്‍ സ്പ്രിംഗ്ലര്‍ വഴി ഒരുക്കിയിരിക്കുന്ന കൃത്രിമമഴ. ചൂട് അസഹ്യമായതോടെയാണ് ഓലപ്പുരയ്ക്കുമുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സ്പ്രിംഗ്ലര്‍ സ്ഥാപിച്ചത്

പാലക്കാട്: ''പാലക്കാട്ടെ ചൂടിൽ ചായ കുടിച്ചുതീരുമ്പോഴേക്കും വിയർത്തുകുളിക്കില്ലേ...'' ഈ സംശയം രാജേട്ടന്റെ കടയിലെത്തിയാൽ വേണ്ടാ. കടയുടെ മുകളിൽ കൃത്രിമമഴ പെയ്യിച്ച്, ഭക്ഷണം കഴിക്കുന്നവരുടെ വയറിനൊപ്പം മനസ്സും നിറയ്ക്കുകയാണ് രാജൻ എന്ന കെ. ബാലകൃഷ്ണൻ (55).

പാലക്കാട് ഗവ. മെഡിക്കൽ കോളേജിനടുത്തുള്ള മമ്പറം റോഡിനോട് ചേർന്നാണ് രാജേട്ടന്റെ കട. ദേശീയപാതയോരത്ത് ഓലമേഞ്ഞ കടയുടെ മുകളിൽ പൈപ്പ് കണക്ഷൻവഴിയാണ് ജലധാരയൊരുക്കി കൃത്രിമമഴ പെയ്യിക്കുന്നത്. ചൂട് ശക്തമായതോടെയാണ് പുതിയ പരീക്ഷണം തുടങ്ങിയതെന്ന് ഒൻപതുവർഷമായി കട നടത്തുന്ന രാജൻ പറഞ്ഞു.

രാജൻ ഉൾപ്പെടെ 11 പേരാണ് കടയിൽ ജോലിചെയ്യുന്നത്. രാവിലെ 7.30 മുതൽ നാലുമണിവരെ പ്രവർത്തിക്കുന്ന കടയിൽ ഉച്ചയൂണിനുമാത്രം ദിവസം 50-ഓളം പേരെത്തുന്നുണ്ടെന്ന് കിണാശ്ശേരി ചാത്തൻതറ സ്വദേശിയായ രാജൻ പറഞ്ഞു.

സുഹൃത്തായ പ്ലംബറെ വിളിച്ചാണ് ജലധാരയൊരുക്കിയത്. പൈപ്പിനുൾപ്പെടെ 10,000 രൂപയോളം ചെലവുവന്നു. 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽനിന്നാണ് വെള്ളമെടുക്കുന്നത്.

പാചകവാതകത്തിന്റെ പ്രശ്‌നവും രാജനെ കാര്യമായി ബാധിച്ചിട്ടില്ല. ഊണും കോഴിക്കറിയും ബിരിയാണിയുംമുതൽ പലഹാരങ്ങൾവരെ വിറകടുപ്പിലാണ് പാചകം. ഗ്യാസിൽ പാചകം ചെയ്തിരുന്ന പുട്ടുമാത്രം താത്കാലികമായി നിർത്തിയെന്ന് രാജൻ പറയുന്നു.

Content Highlights: Innovative use of sprinkler systems to cool a thatched-roof shop during 40°C heat., Cost-effective solution implemented for just 10,000 INR., Sustainable approach using borehole water and traditional wood-fire cooking., Popular local destination near Palakkad Government Medical College.