കേരളത്തിന് റെയിൽവേയുടെ ഇരുട്ടടി; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

#സ്വന്തം ലേഖകൻ
മംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ |ഫോട്ടോ:മാതൃഭൂമി
മംഗളൂരു റെയില്‍വേ സ്‌റ്റേഷന്‍ |ഫോട്ടോ:മാതൃഭൂമി

പാലക്കാട്: കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും നഷ്ടപ്പെടുന്നു. 2006-ൽ സേലം ഡിവിഷന്റെ രൂപവത്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പുതന്നെ ആശങ്കയിലാണ്. കർണാടകത്തിലെ പഴയ മൈസൂർപോലെ പേരിനൊരു ഡിവിഷൻ മാത്രമായി പാലക്കാട് മാറുമെന്ന ആശങ്ക റെയിൽവേ ജീവനക്കാരടക്കം പങ്കുവെക്കുന്നു.

മംഗളൂരു പോയാലും വെറും 18 കിലോമീറ്റർ റെയിൽപ്പാത മാത്രമേ പാലക്കാട് ഡിവിഷന് നഷ്ടമാവുന്നുള്ളൂവെന്ന വാദം ഇതിനകം എത്തിയിട്ടുണ്ട്. നേരത്തേ, സേലം ഡിവിഷൻ രൂപവത്കൃതമാവുമ്പോഴും ഒരുവിഭാഗം മുന്നോട്ടുവെച്ചത് സമാനമായ വാദമാണ്.

പോത്തനൂർ ഈസ്റ്റ്മുതൽ പാലക്കാടുവരെ 49 കിലോമീറ്ററാണുള്ളത്. പാലക്കാട്ടുനിന്ന് ഡിവിഷന്റെ പുതിയ അതിർത്തിയായ ഉള്ളാൾവരെ 351 കിലോമീറ്ററും. പാലക്കാട്-പൊള്ളാച്ചി പാത 58 കിലോമീറ്ററും ഷൊർണൂർ-നിലമ്പൂർ പാതയുടെ 66 കിലോമീറ്ററും ചേർത്താൽ 582.7 റൂട്ട് കിലോമീറ്റർ മാത്രമായി പാലക്കാട് ഡിവിഷൻ ഒതുങ്ങും. ഇടക്കാലത്ത് കേരളം പ്രത്യേക റെയിൽവേ സോണിനായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. വിസ്തൃതമായിരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ ഉത്തരകേരളത്തിലേക്ക് മാത്രമായി ചുരുങ്ങുന്നതോടെ വികസനപ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുകയിലും കുറവുവന്നേക്കാം.

സേലം ഡിവിഷൻ പ്രവർത്തനമാരഭിച്ചതോടെ പാലക്കാട് ഡിവിഷനിലെ നല്ലൊരുപങ്ക് ജീവനക്കാരെ സേലം ഡിവിഷനുകീഴിലേക്ക് മാറ്റിയിരുന്നു.ഡിവിഷണൽ ഓഫീസ് മുതൽ ഈ കുറവുവന്നേക്കും. പാലക്കാട് ടൗൺ സ്റ്റേഷനിൽ പിറ്റ്ലൈൻ സംവിധാനം നിലവിൽവരുന്നതോടെ പാലക്കാട് ഡിവിഷന് പിറ്റ്ലൈനാവുമെങ്കിലും ഇവിടെനിന്ന് ആരംഭിക്കാവുന്ന ദീർഘദൂര വണ്ടികളുടെ എണ്ണത്തിന് പരിമിതികളുണ്ട്.

പാലക്കാട് ഡിവിഷൻ വരുമാനത്തിന്റെയും പ്രവർത്തനമികവിന്റെയും കാര്യത്തിൽ ഇന്ത്യയിൽ രണ്ടാമതാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അവകാശപ്പെട്ടിട്ട് അധികനാളുകളായില്ല.

മംഗളൂരു, പനമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുവരുമാനം കുറയുന്നതോടെ ചരക്കുനീക്കത്തിൽനിന്നുള്ള വരുമാനം പാതിയാവുമെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. യാത്രക്കൂലിയിനത്തിലുള്ള വരുമാനം പ്രധാന വരുമാനമാവുന്ന ഡിവിഷനായും പാലക്കാട് മാറും.

സതേൺ റെയിൽവേയ്ക്കു കീഴിൽ പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന മംഗലാപുരംമുതൽ കേരള അതിർത്തിയിലെ ഉള്ളാൾവരെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റ് റെയിൽവേ ഡിവിഷൻ മൈസൂരുവിന്റെ ഭാഗമാക്കിമാറ്റി

നഷ്ടങ്ങൾ

  • പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും ന്യൂ മംഗളൂരു തുറമുഖവും ഉൾപ്പെടെ ഡിവിഷനിൽനിന്ന് ഇല്ലാതാകും
  • മംഗളൂരു വഴിയുള്ള കൽക്കരി, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ കടത്തിലൂടെ ലഭിക്കുന്ന വൻവരുമാനം പൂർണമായും നഷ്ടമാകും

ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽവരും

കേരളത്തിന് ഇരുട്ടടിനൽകി പാലക്കാട് റെയിൽവേ ഡിവിഷന് മംഗളൂരു നഷ്ടപ്പെട്ടു. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റും. റെയിൽവേ മന്ത്രാലയമാണ് പാലക്കാടിന്റെ ജീവൻ 'നഷ്ടപ്പെടുത്തുന്ന' ഉത്തരവ് ഇറക്കിയത്. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽവരും.

ടെർമിനൽ സ്റ്റേഷനായ മംഗളൂരു പോവുന്നതോടെ ഭാവിയിൽ പുതിയ വണ്ടികൾക്കുള്ള സാധ്യത കുറയും.

മലബാറിലെ യാത്രാപ്രശ്‌നങ്ങൾ രൂക്ഷമാവും.

മംഗളൂരു മേഖലയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഓപ്ഷൻ നൽകാമെന്നും ഉത്തരവിലുണ്ട്.

സൗത്ത് വെസ്റ്റേൺ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള കൈമാറ്റകേന്ദ്രം (ഇന്റർ ചേഞ്ച് പോയിന്റ്) പടീലിൽനിന്ന് ഉള്ളാളിലേക്കു മാറും.

‘നടപടി അടിയന്തരമായി പിൻവലിക്കണം’

സതേൺ റെയിൽവേയ്ക്കു കീഴിൽ പാലക്കാട് ഡിവിഷനിൽ ഉൾപ്പെടുന്ന മംഗലാപുരംമുതൽ കേരള അതിർത്തിയിലെ ഉള്ളാൾവരെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റ് റെയിൽവേ ഡിവിഷൻ മൈസൂരുവിന്റെ ഭാഗമാക്കിമാറ്റിയ റെയിൽവേ ബോർഡിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു.

വർഷങ്ങളായി പാലക്കാട് ഡിവിഷന്റെ പ്രധാന ഭാഗമായി പ്രവർത്തിക്കുന്ന ചരിത്രപ്രാധാന്യമുള്ള ഈ ഭാഗങ്ങൾ ഒറ്റയടിക്ക് മറ്റൊരു ഡിവിഷനിലേക്കു മാറ്റിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മലയാളികൾ ഏറെ ആശ്രയിക്കുന്ന പ്രദേശമാണ് മംഗലാപുരം. തുറമുഖം, വിമാനത്താവളം ഉൾപ്പെടെയുള്ള മർമപ്രധാനമായ സ്ഥാപനങ്ങളിൽനിന്നുള്ള കണക്ടിവിറ്റി കുറവിനും അതുവഴി വലിയതോതിലെ വരുമാനനഷ്ടത്തിനും ഈ നടപടി ഇടയാക്കുമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

മംഗലാപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ നിലവിൽ ഉള്ളതുപോലെ പാലക്കാട് ഡിവിഷനിൽത്തന്നെ ഉൾപ്പെടുത്തി മുന്നോട്ടുപോകണമെന്നു കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് എം.പി കത്ത് നൽകി. ഇക്കാര്യത്തിൽ യോജിച്ച തുടർപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുമെന്ന് എം.പി. പറഞ്ഞു. സർക്കാർ ഇക്കാര്യം അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Mangaluru and surrounding areas including Ullal are being transferred to the Mysuru division of South Western Railway., The order comes into effect on October 1, posing a major threat to Palakkad Railway Division's existence., Palakkad will lose significant freight revenue from coal, fertilizer, and petroleum products via New Mangaluru Port., Malabar region is expected to face severe travel issues and reduced prospects for new train services.