70-ാം വയസ്സിൽ ജീവൻ നഷ്ടപ്പെടുന്ന പാലക്കാട്; കേരളത്തിന്റെ 'ഹൃദയം' മുറിച്ച് റെയിൽവേയുടെ ഓണസമ്മാനം

#പി. പി. ലിബീഷ് കുമാര്‍
പാലക്കാട് ഡിവിഷൻ|ഫോട്ടോ:മാതൃഭൂമി
പാലക്കാട് ഡിവിഷൻ|ഫോട്ടോ:മാതൃഭൂമി

പയ്യന്നൂർ: കേരളത്തിന്റെ ഹൃദയം മുറിച്ച് റെയിൽവേ നൽകിയത് സങ്കടത്തിന്റെ ഓണസമ്മാനം. പാലക്കാട് ഡിവിഷന് മംഗളൂരു നഷ്ടപ്പെടുമ്പോൾ പാലക്കാടിന്റെ ജീവനാണ് റെയിൽവേ എടുക്കുന്നത്. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് ഒക്ടോബർ ഒന്നു മുതൽ മാറും. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെയാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്.

70-ാം വയസ്സിൽ ജീവൻ നഷ്ടപ്പെടുന്ന പാലക്കാട്

70 വയസ്സ് പൂർത്തിയാകുന്ന പാലക്കാടിന്റെ നിലനിൽപ്പ് തന്നെ ഇനി ഇല്ലാതാകും. ആദ്യം സേലം ഡിവിഷൻ പോയി. ഇനി മംഗളൂരുവും പോവുകാണ്. 1956 ഓഗസ്റ്റ് 31-നാണ് പാലക്കാട് ഡിവിഷൻ നിലവിൽ വന്നത്. പ്രായം വർധിക്കുന്തോറും പാലക്കാട് ഡിവിഷന്റെ പ്രവർത്തന വിസ്തൃതി കുറയുകയായിരുന്നു.

ആദ്യം 1247.50 കിലോമീറ്ററായിരുന്നു റെയിൽപ്പാതകളുടെ ദൈർഘ്യം. തിരുവനനന്തപുരം ഡിവിഷൻ വന്നപ്പോൾ അത് 1132.98 കി.മി ആയി. 2007-ൽ സേലം ഡിവിഷൻ വന്നപ്പോൾ അത് 582.70 കി.മി ആയി ചുരുങ്ങി. ഇനി മംഗളൂരു കൂടി പോകുമ്പോൾ ഉള്ളാൾ മുതൽ മംഗളൂരു ജംഗ്ഷൻ വരെ 18 കി.മീ. പാലക്കാടിന് നഷ്ടപ്പെടും.

ഒപ്പം ന്യു മംഗളൂരു പോർട്ട് (പനമ്പൂർ) വഴിയുള്ള ചരക്കുവരുമാനം പൂർണമായും നഷ്ടപ്പെടും. ഡിവിഷന്റെ 75 ശതമാനത്തിന് മുകളിൽ ഈ മേഖലയിൽ നിന്നാണ്. മംഗളൂരു പോയാൽ പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത് പ്രധാന ടെർമിനൽ സംവിധാനം കൂടിയാണ്.

ദക്ഷിണ റെയിൽവേയുടെ പ്രധാന ടെർമിനലുകളിൽ ഒന്നാണ് മംഗളൂരു. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനാണ് ടെർമിനൽ സ്റ്റേഷൻ. തിരുവനന്തപുരം സെൻട്രലിലെ തിരക്കു കുറയ്ക്കാൻ സാറ്റലൈറ്റ് ടെർമിനലായി (ഉപഗ്രഹ സ്റ്റേഷൻ) നേമം ടെർമിനൽ വരികയാണ്.

ചെന്നൈയുടെ നാലാമത്തെ റെയിൽവേ ടെർമിനലായി പെരമ്പൂരിലും പദ്ധതി തുടങ്ങി. പാലക്കാടിന് മാത്രമാണ് മറ്റൊരു പുതിയ ടെർമിനൽ സ്റ്റേഷൻ പദ്ധതി ഇല്ലാത്തത്. ടെർമിനൽ ഇല്ലെങ്കിൽ പുതിയ വണ്ടികളുടെ വരവ് നിലക്കും.

ഭാവിയിൽ മലബാറിലേക്ക് പുതിയ തീവണ്ടികൾ ഓടിക്കാനും അവ വെക്കാനുമുള്ള വഴി ഇല്ലാതാകും. മംഗളൂരു ഡിവിഷൻ പോകുമ്പോൾ പകരം സാറ്റലൈറ്റ് ടെർമിനൽ (ഉപഗ്രഹ സ്റ്റേഷൻ) പാലക്കാടിനില്ല.

സാമ്പത്തിക തകർച്ച വലുത്

600 കോടി രൂപയോളം വാർഷിക വരുമാനത്തിൽ പാലക്കാടിന് നഷ്ടമാകുമെന് കാൻസർകോട് പാസഞ്ചർ അസോസിയേഷൻ ഭാരവാഹി നിസാർ പെർവാഡ് പറഞ്ഞു.

പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ നിർണ്ണായക സ്ഥാനമാണ് ന്യു മംഗളൂരു പോർട്ടിന്. ഈ മേഖല കൈവിട്ടു പോകുന്നതോടെ പ്രതിവർഷം 500- 600 കോടിയുടെ ചരക്ക് നീക്ക വരുമാനം പാലക്കാട് ഡിവിഷന് നേരിട്ട് നഷ്ടമാകും.

പ്രവർത്തനച്ചെലവ് കണ്ടെത്താനാകാതെ ഡിവിഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വരും. പുതിയ വണ്ടികൾ ഉൾപ്പെടെയുള്ള വികസനവും ഫണ്ടും സ്തംഭിക്കപ്പെടുമെന്നും നിസാർ പറഞ്ഞു.

പ്രതിഷേധാർഹം

മംഗലാപുരം ഉൾപ്പെടുന്ന പ്രദേശത്തെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് കൈക്കൊണ്ട തീരുമാനം തികച്ചും പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് മലബാർ റെയിൽ യൂസേർസ് അസോസിയേഷൻ വിലയിരുത്തി.

പാലക്കാട് ഡിവിഷന്റെ 60 ശതമാനത്തോളം വരുമാനം മംഗലാപുരം ഉൾപ്പെടുന്ന പ്രദേശമാണ്. ഇത് കേരളത്തോട്, പ്രത്യേകിച്ച് മലബാറിനോട് കാണിക്കുന്ന കൊടിയ വഞ്ചനയാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

Content Highlights: Mangaluru region and New Mangaluru Port are shifting to Mysuru Division from October 1., Palakkad Railway Division will lose 75% of its freight revenue, amounting to Rs 500-600 crore annually., Palakkad loses its primary terminal station, impacting future new train services and development in Malabar., Railway users and associations have strongly condemned the decision, calling it a betrayal to Kerala.