മദ്യകമ്പനിക്ക് വെള്ളം കിന്‍ഫ്ര പദ്ധതി വഴി; കുടിവെള്ള പദ്ധതികളെ ബാധിക്കില്ല- വാട്ടര്‍ അതോറിറ്റി

പാലക്കാട്: ഒയാസിസ് മദ്യകമ്പനിക്ക് വെള്ളം നല്‍കുന്നത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റി. ഒയാസിസിന് കിന്‍ഫ്ര പദ്ധതിയിലൂടെയാണ് വെള്ളം നല്‍കുകയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസിന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നല്‍കിയ കത്തിൽ വ്യക്തമാക്കുന്നു. മദ്യ കമ്പനിക്ക് കിന്‍ഫ്ര പദ്ധതിയിലൂടെ വെള്ളം നല്‍കുന്നതിനാല്‍ കുടിവെള്ള പദ്ധതികളെ ഇത് ബാധിക്കില്ലെന്നും കത്തില്‍ വാട്ടര്‍ അതോറിറ്റി പറയുന്നു.
വെള്ളം എവിടെ നിന്നാണ് കണ്ടെത്തുക എന്ന കാര്യത്തില്‍ വൃക്തത വരുത്താന്‍ ഈ കത്തിലും വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല. നേരത്തെ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പറഞ്ഞത് കിന്‍ഫ്രയ്ക്ക് കൊടുക്കുന്ന വെള്ളത്തില്‍ നിന്ന് മാത്രമേ ഒയാസിസിനും വെള്ളം കൊടുക്കുള്ളു എന്നാണ്. എന്നാല്‍ ചീഫ് എഞ്ചിനീയര്‍ പറഞ്ഞത് മലമ്പുഴയിലെ വെള്ളം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ്.
അതോടൊപ്പം മലമ്പുഴയില്‍ എത്രത്തോളം വെള്ളമുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്ന കണക്കുകള്‍ പ്രകാരമുള്ള സംഭരണ ശേഷി മലമ്പുഴ ഡാമിന് ഇല്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. ചളി അടിഞ്ഞ് ഇവിടുത്തെ സംഭരണം നല്ല രീതിയില്‍ കുറഞ്ഞിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Palakkad Oasis Brewery Water Supply