പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ വൈകിയെത്തി, പരാതിനൽകി ബിജെപി; വോട്ട് ചെയ്യാൻ അനുവദിച്ചില്ല

പാലക്കാട്: പാലക്കാട് നഗരസഭയിൽ വൈസ് ചെയർ പേഴ്സൺ തിരഞ്ഞെടുപ്പിൽ കൗൺസിൽ ഹാളിൽ എത്താൻ വൈകി എന്ന കാരണത്താൽ യുഡിഎഫ് കൗൺസിലറെ വരണാധികാരി വോട്ട് ചെയ്യാൻ അനുവദിച്ചില്ല. കോൺഗ്രസ് കൗൺസിലർ എം. പ്രശോഭിനാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്.
ബിജെപി കൗൺസിലർമാരുടെ പരാതിയെത്തുടർന്ന് പ്രശോഭിനെ വരണാധികാരി കൗൺസിൽ ഹാളിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ടരക്കാണ് വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് തുടങ്ങിയത്. 2.37-നാണ് പ്രശോഭ് കൗൺസിൽ ഹാളിൽ എത്തിയത്. ഇതോടെ ബിജെപി കൗൺസിലർമാർ ബഹളം വയ്ക്കുകയായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളാൽ മരുന്ന് കഴിക്കാൻ ഉണ്ടായിരുന്നതിനാലാണ് എത്താൻ വൈകിയതെന്ന് പ്രശോഭ് പറഞ്ഞു. ബിജെപിക്ക് 25 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിന് ആകെ 18 അംഗങ്ങളാണുള്ളത്. ഒരംഗത്തിന്റെ വോട്ട് കുറഞ്ഞതോടെ യുഡിഎഫിന്റെ ആകെ വോട്ട് പതിനേഴായി ചുരുങ്ങി.
Content Highlights: Voting Fiasco in Palakkad Municipality: UDF Councillor Misses Chance to Vote