പാലക്കാട് മുൻസിപ്പാലിറ്റിയിൽ 'മഹേഷിന്റെ പ്രതികാരം'; ദേശീയഗാനം ആലപിച്ചപ്പോൾ അടി നിർത്തി കോൺഗ്രസ്-ബിജെപി അംഗങ്ങൾ

#ന്യൂസ് ഡെസ്ക്
പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിനിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ കയ്യാങ്കളി നിര്‍ത്തി അനങ്ങാതെ നില്‍ക്കുന്ന അംഗങ്ങള്‍, 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ സമാനമായ രംഗം
പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തിനിടെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ കയ്യാങ്കളി നിര്‍ത്തി അനങ്ങാതെ നില്‍ക്കുന്ന അംഗങ്ങള്‍, 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലെ സമാനമായ രംഗം

പാലക്കാട്: മഹേഷിന്റെ പ്രതികാരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ സ്‌കൂളിൽ ദേശീയഗാനം ആലപിക്കുന്ന രംഗം ആരും മറക്കാനിടയില്ല. കയ്യാങ്കളി നടത്തുകയായിരുന്ന രണ്ട് കഥാപാത്രങ്ങൾ ദേശീയഗാനം കേട്ടപ്പോൾ അതെല്ലാം നിർത്തി അറ്റൻഷനായി നിൽക്കുന്നതും ആ സമയത്തെ ഇരുവരുടേയും നോട്ടവുമെല്ലാം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചതാണ്. അതിന് സമാനമായ രംഗമാണ് ഇന്ന് പാലക്കാട് മുൻസിപ്പാലിറ്റിയിലും അരങ്ങേറിയത്.

കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായി ചൊല്ലുന്നതിന്റെ പേരിൽ കോൺഗ്രസ്-ബിജെപി അംഗങ്ങൾ പരസ്പരം അടികൂടുന്നതിനിടെയാണ് പൊടുന്നനെ ജനഗണമന മുഴങ്ങിയത്. ഇതോടെ ഇരുകൂട്ടരും 'നല്ലകുട്ടി'കളായി അനങ്ങാതെ നിൽക്കുകയും ദേശീയഗാനം ആലപിക്കുകയുമായിരുന്നു. എന്നാൽ ദേശീയഗാനാലാപനം പൂർത്തിയായതിന് പിന്നാലെ വീണ്ടും മുദ്രാവാക്യം വിളി ഉയരുകയും ബഹളം പുനരാരംഭിക്കുകയും ചെയ്തു.

ബിജെപി ഭരിക്കുന്ന നഗരസഭയിൽ എല്ലാ കൗൺസിൽ യോഗങ്ങളിലും വന്ദേമാതരം മുഴുവനായി ചൊല്ലണമെന്നാണ് ഭരണസമിതി തീരുമാനിച്ചത്. എന്നാൽ ആദ്യനാല് വരി മാത്രം ആലപിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാത്തതാണ് ബഹളത്തിന് കാരണമായത്.

പ്രമേയം പാസാകുമെന്ന ഭയത്താലാണ് ബിജെപി അംഗങ്ങൾ അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കൗൺസിലർമാരെ ബിജെപി അംഗങ്ങൾ മതപരമായി ആക്ഷേപിച്ചുകൊണ്ട് പ്രകോപനമുണ്ടാക്കിയെന്നും കോൺഗ്രസ് പറഞ്ഞു. എന്നാൽ, സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചുവെന്ന് പറഞ്ഞായിരുന്നു ബിജെപിയുടെ പ്രതിരോധം. കേരളത്തിൽ മാത്രം കോൺഗ്രസിന് വന്ദേമാതരത്തോട് അലർജിയുണ്ടാകാൻ കാരണം മുസ്‌ലിം ലീഗിന്റെ തീട്ടൂരത്തിന് വഴങ്ങിയതുകൊണ്ടാണെന്നും ബിജെപി ആരോപിച്ചു.

തർക്കം രൂക്ഷമായതോടെ കൗൺസിൽ യോഗം അൽപ്പസമയം നിർത്തിവെച്ചു. പിന്നീട് വീണ്ടും യോഗം തുടങ്ങിയപ്പോൾ, ബിജെപി അംഗം യുഡിഎഫ് കൗൺസിലറോട് പാകിസ്താനിലേക്ക് പോകാൻ പറഞ്ഞു എന്നാരോപിച്ച് വീണ്ടും തർക്കമുണ്ടായി. തർക്കം ഒരുതരത്തിലും അവസാനിക്കാതിരുന്നതോടെ കൗൺസിൽ യോഗം പിരിയാൻ തീരുമാനിച്ചു. പിന്നാലെയാണ് ദേശീയഗാനാലാപനം ഉണ്ടായത്.

Content Highlights: In a scene reminiscent of a movie, Congress and BJP councillors in Palakkad Municipality temporarily halted their heated brawl over Vande Mataram recital to stand at attention as the national anthem began playing.