ചെറുവിരൽ മുതൽ തലയോട്ടിവരെ അടിച്ചുതകർത്തു, മരിച്ചിട്ടും മർദനം തുടർന്നു; നടന്നത് പൈശാചികതയെന്ന് ഡോക്ടർ

പാലക്കാട്: ‘പതിനായിരം മൃതദേഹങ്ങൾ ഇതിനോടകം പോസ്റ്റുമോർട്ടം ചെയ്തിട്ടുണ്ട്. ഇത്രയധികം മർദനമേറ്റ ശരീരം ആദ്യമായാണ് കാണുന്നത്. നടുക്കുന്ന കാഴ്ചയായിരുന്നു അത്’ -വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്ത ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു.
കാലിന്റെ ചെറുവിരൽമുതൽ തലയോട്ടിവരെ തകർന്നിട്ടുണ്ട്. വാരിയെല്ലുകൾ എല്ലാം തകർന്നു. നട്ടെല്ല് ഒടിഞ്ഞു. വടികൊണ്ടുള്ള അടികളാണ് ഏറെയും. ശരീരത്തിന്റെ ഒരുഭാഗത്തും അടിയേറ്റ പാടില്ലാതെയില്ല. മരണശേഷവും മർദിച്ചിട്ടുണ്ട്. -ഡോക്ടർ പറയുന്നു.
പൈശാചിക ആൾക്കൂട്ട മർദനത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണങ്ങൾ ഡോക്ടറുടെ വെളിപ്പെടുത്തലോടെ സംശയനിഴലിലാണ്. തലച്ചോറിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാത്രി രാംനാരായൺ ആശുപത്രിയിൽ മരണപ്പെട്ടതായി പോലീസ് ഔട്ട്പോസ്റ്റിൽനിന്ന് അറിയിച്ചെന്നാണ് എഫ്ഐആർ. എന്നാൽ, സംഭവസ്ഥലത്തുവെച്ച് രാംനാരായണൻ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും മർദനം തുടർന്നെന്നും ഡോക്ടറുടെ വെളിപ്പെടുത്തലിൽ വ്യക്തമാണ്.
മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവം
വാളയാർ അട്ടപ്പള്ളത്ത് ഛത്തീഡ്ഗഢിലെ ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാരുടെ (31) മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശ്ശൂർ മെഡിക്കൽകോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ചന്ദ്രന്റെ മേൽനോട്ടത്തിലാണ് വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയത്. ശക്തിയിൽ അടിച്ച് പരിക്കേൽപ്പിച്ചതിന്റെ 40-തിലേറെ പാടുകളുണ്ട്. തലയിലും ആന്തരാവയവങ്ങളിലും ഇതുമൂലം രക്തസ്രാവമുണ്ടായി. വീഡിയോദൃശ്യങ്ങളടക്കം ചിത്രീകരിച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടി. മൃതദേഹം വാളയാർപോലീസ് ഏറ്റുവാങ്ങി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു രാം നാരായണിനെ അവശനിലയിൽ കണ്ടെത്തിയത് . തൊഴിലുറപ്പ് തൊഴിലാളികൾ പണിചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ രാംനാരായണിനെ കണ്ടെത്തുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. തുടർന്ന്, മർദനമേറ്റ് രക്തം ഛർദിച്ചതായും പറയുന്നു. കുഴഞ്ഞുവീണ ഇയാളെ രാത്രി ഏഴുമണിയോടെയാണ് പോലീസെത്തി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ അവശനായി കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയിൽ രാംനാരായണിന്റെ ശരീരമാസകലം മർദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ‘നീ ബംഗ്ളാദേശിയാണോ’ എന്ന് ആക്രോശിച്ചുകൊണ്ട് ഒരുകൂട്ടം ആളുകൾ രാംനാരായണിന്റെ മുഖത്ത് മർദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.
Content Highlights: Palakkad mob lynching, Ram Narayan death, Attappallam violence, Chhattisgarh man lynched, Brutal assault Kerala, Post-mortem report, Mob justice, Kerala crime, Human rights violation