കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു, കൈക്കൂലി വാങ്ങി കേസെടുക്കാതെ വിട്ടയച്ചു; DySP ഉമേഷിനെതിരേ നടപടിക്ക് ശുപാർശ

പാലക്കാട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി എ. ഉമേഷിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോര്‍ട്ട്. വടക്കഞ്ചേരി എസ്എച്ച്ഒ ആയിരുന്ന ഘട്ടത്തിലാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ഉമേഷിനെതിരെ നടപടിക്ക് ശുപാര്‍ശചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇനി ഡിജിപിയാണ് ഉത്തരവിടേണ്ടത്. ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പോടെയാണ് സംഭവം പുറത്തുവരുന്നത്. നവംബര്‍ 15-നാണ് ബിനുതോമസ് മരിച്ചത്. അന്ന് പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
വടക്കഞ്ചേരിയില്‍ ബിനുതോമസ് എസ്‌ഐയും ഉമേഷ് സിഐയും ആയിരുന്ന 2014-ലാണ് സംഭവം നടക്കുന്നത്. 2014-ല്‍ അനാശാസ്യത്തിന് പിടിയിലായ യുവതിയെ അന്ന് സിഐ ആയിരുന്ന ഉമേഷ് പീഡിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ബിനു തോമസിന്റെ സഹായത്തോടെയാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്തവരില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നും കേസെടുക്കാതെ വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പരാമര്‍ശിക്കുന്ന യുവതിയില്‍നിന്ന് കഴിഞ്ഞദിവസം മൊഴിയെടുത്തിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
Content Highlights: investigation report implicates DYSP A. Umesh in custodial rape of a woman. Report recommends action