അന്ന് ഷാഫി MP-യായി പോയി, ഇന്ന് രാഹുൽ വരാതെയുമായി; പാലക്കാടിന് വീണ്ടും അനാഥത്വം, പോലീസ് കാവലിൽ ഓഫീസ്

പാലക്കാട്: ഒരു വർഷത്തിനിടെ വീണ്ടും എംഎൽഎയുടെ സാന്നിധ്യമില്ലാതെ പാലക്കാട് നിയമസഭാമണ്ഡലം. എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പാലക്കാട് ആദ്യം ‘അനാഥമായി’. രാഹുലിനെതിരായ ആരോപണങ്ങൾ വരികയും കോൺഗ്രസിൽനിന്ന് സസ്പെൻഷൻ നേരിടുകയും ചെയ്തതോടെയാണ് വീണ്ടും സമാനാവസ്ഥയായത്.
ഷാഫി പറമ്പിലിനെ ലോക്സഭാതിരഞ്ഞെടുപ്പിൽ വടകരയിലെ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത് 2024 മാർച്ച് എട്ടിനാണ്. പിറ്റേന്നുതന്നെ ഷാഫി വടകരയിലേക്കു പോയി. നവംബർ 20-നായിരുന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പ്. ഡിസംബർ നാലിന് രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പാലക്കാടിന് ഫലത്തിൽ എംഎൽഎ ഉണ്ടായിരുന്നില്ല.
ഇപ്പോൾ ആരോപണങ്ങൾ ഉയർന്നതുമുതൽ എംഎൽഎ മണ്ഡലത്തിലില്ല. പാർട്ടിയിൽനിന്നു സസ്പെൻഷൻകൂടി വന്നതോടെ എംഎൽഎയെന്ന നിലയിലുള്ള ചുമതല നിറവേറ്റാൻ ഇനി രാഹുലിന് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. 2026 ഏപ്രിൽ വരെയാണ് കാലാവധി. ഇനി ഏഴുമാസം രാഹുലിന് പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയുമോയെന്നും കണ്ടറിയണം.
വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് തത്കാലത്തേക്ക് രാജിയില്ലെന്ന നിലപാട് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നാണ് നിഗമനം. കാലാവധി ആറുമാസത്തിൽ കുറവായാൽ ഉപതിരഞ്ഞെടുപ്പിനു സാധ്യതയില്ല. അപ്പോൾ രാഹുലിൽനിന്ന് കോൺഗ്രസ് നേതൃത്വം രാജി വാങ്ങാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പാലക്കാട്ടുകാർക്ക് എംഎൽഎയുടെ സേവനം പൂർണമായിത്തന്നെ ഇല്ലാതാവും.
രാഹുലിനെതിരായ ആരോപണങ്ങൾ ഉയർന്നശേഷം പ്രധാനപ്പെട്ട മൂന്നു പരിപാടികളിൽ എംഎൽഎ ഉണ്ടായില്ല. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് എംഎൽഎ വിട്ടുനിൽക്കണമെന്ന് നഗരസഭ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപവത്കരണ യോഗത്തിൽനിന്നും സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനത്തിൽനിന്നും തിങ്കളാഴ്ച എംഎൽഎയെ ഒഴിവാക്കിയിരുന്നു.
എംഎൽഎ ഓഫീസ് സജീവം
രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്തില്ലെങ്കിലും എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. എംഎൽഎ ഓഫീസിലേക്കടക്കം പ്രതിഷേധമാർച്ച് നടന്ന ദിവസങ്ങളിലെല്ലാം ജീവനക്കാർ ഓഫീസ് തുറന്നിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ഇവിടെ വരുന്നുണ്ടെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ഓഫീസിന് മുഴുവൻ സമയവും പോലീസിന്റെ കാവലുണ്ട്.
Content Highlights: Impact of MLA's Absence on Governance and Representation in Palakkad