കുട്ടിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റിയ സംഭവം; മെഡിക്കല്‍ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കുടുംബം

കുട്ടിയുടെ കൈ മുറിച്ചുമാറ്റിയശേഷം | Screengrab: Mathrubhumi News
കുട്ടിയുടെ കൈ മുറിച്ചുമാറ്റിയശേഷം | Screengrab: Mathrubhumi News

പാലക്കാട്: ഒന്‍പതുവയസ്സുകാരിയുടെ കൈ മാറിച്ചുമാറ്റിയ സംഭവത്തില്‍ പാലക്കാട് ഡിഎംഒ നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് കുടുംബം.

ചികിത്സാപ്പിഴവ് മറച്ചുവെച്ചുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ പല്ലശ്ശന ഒഴിവുപാറ സ്വദേശി വാസു ആരോപിച്ചു. റിപ്പോര്‍ട്ടിനെതിരേ ഏതറ്റംവരെയും പോകും. നിയമസഹായം തേടും. ആശുപത്രിയിലെ അനാസ്ഥമൂലം കുട്ടിയുടെ കൈ നഷ്ടപ്പെട്ടതിന് എന്ത് പരിഹാരമുണ്ടാകുമെന്ന് വാസു ചോദിച്ചു. കുട്ടി ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്ന വാസു ഞായറാഴ്ച വൈകീട്ടോടെയാണ് പല്ലശ്ശന ഒഴിവുപാറയിലെ വീട്ടിലെത്തിയത്.

പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡിഎംഒ നിയോഗിച്ച ഡോക്ടര്‍മാരുടെ രണ്ടംഗസംഘം ശനിയാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ ചികിത്സിച്ച ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെ ന്യായീകരിച്ചായിരുന്നു റിപ്പോര്‍ട്ട്.

കുട്ടിയുടെ കൈയിലെ മുറിവിനെക്കുറിച്ചും പഴുപ്പ് പടരാനുള്ള കാരണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ച് സമാന്തര അന്വേഷണവും നടക്കുന്നുണ്ട്.

സമഗ്രാന്വേഷണം നടത്തണം - ഐഎന്‍എല്‍

ഒറ്റപ്പാലം: ഒന്‍പത് വയസ്സുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയെന്ന ബന്ധുക്കളുടെ ആരോപണത്തില്‍, സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഐഎന്‍എല്‍ ജില്ലാ വര്‍ക്കിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പാവങ്ങളുടെ ആശ്രയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവിടെ ചികിത്സാപിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണുണ്ടാകേണ്ടത്. ഭാവിയില്‍ ഇത്തരം വീഴ്ചകളുണ്ടാകാത്ത രീതിയിലുള്ള നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അസീസ് പരുത്തിപ്ര അധ്യക്ഷനായി. പി.വി. ബഷീര്‍, വി.ടി. ഉമ്മര്‍, മമ്മിക്കുട്ടി, അബ്ദു അച്ചിപ്ര, മുസ്തഫ പുതുനഗരം, എസ്. ഷാജുദ്ദീന്‍, കെ.വി. അമീര്‍, കുഞ്ഞീരുമ്മ, സി.ഐ. അബ്ദു റഹിം തുടങ്ങിയവര്‍ സംസാരിച്ചു.

കുട്ടിയുടെ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് കെ. ബാബു

പാലക്കാട്: പല്ലശ്ശന സ്വദേശിയായ ഒന്‍പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചുള്ള അവസാന റിപ്പോര്‍ട്ടല്ല ഡിഎംഒ നിയോഗിച്ച സമിതിയുടേതെന്ന് കെ. ബാബു എംഎല്‍എ. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണമടക്കം നടക്കുന്നുണ്ട്. ചികിത്സയില്‍ പിഴവുണ്ടെങ്കില്‍ അതും പുറത്തുവരണം. കുട്ടിയുടെ തുടര്‍ചികിത്സക്കാവശ്യമായ മുഴുവന്‍ ചെലവുകളും ആരോഗ്യവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. കൈയിലെ മുറിവ്, പിന്നീടുണ്ടായ പഴുപ്പിന്റെ കാരണം എന്നിവയടക്കം അന്വേഷണവിധേയമാക്കണം. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Content Highlights: A family in Palakkad rejects the medical report on their 9-year-old daughter`s amputated hand, alleging it hides treatment errors. Demands thorough investigation and compensation