കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു,ബന്ധങ്ങൾ തേടി പോലീസ്

#ന്യൂസ് ഡെസ്ക്
ഷാജഹാൻ
ഷാജഹാൻ

പാലക്കാട്:കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം തിരിച്ചറിഞ്ഞു. മരിച്ചത് കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാജഹാൻ (47) ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഡി.എൻ.എ. പരിശോധനയിലൂടെയാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തൽ.

2021 ഫെബ്രുവരിയിലാണ് പാലക്കാട്-തച്ചമ്പാറ റോഡരികിൽ കത്തിക്കരിഞ്ഞനിലയിൽ തിരിച്ചറിയാനാവാത്ത പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പോലീസ് രണ്ടുവർഷത്തോളം അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

വിദഗ്ധപരിശോധനയ്ക്കായി മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകൾ ഡി.എൻ.എ. പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി കാണാതായ സമാന ശരീരപ്രകൃതിയുള്ളവരുടെ ബന്ധുക്കളിൽനിന്നടക്കം ഒട്ടേറെ ഡി.എൻ.എ. സാംപിളുകളുമായി മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകൾ താരതമ്യംചെയ്തു. ഒടുവിലാണ് കരുനാഗപ്പള്ളി പോലീസിൽ രജിസ്റ്റർചെയ്ത പരാതിയിൽ ഷാജഹാന്റെ അടുത്തബന്ധുവിന്റെ സാംപിൾ തെളിവായത്.

ഇതോടെ മൃതദേഹം ഷാജഹാന്റേതാണെന്നു തെളിയുകയായിരുന്നു. ഗൾഫിൽനിന്ന് തിരിച്ചെത്തി നാട്ടിൽ വിവിധ തൊഴിൽ ചെയ്തുവരുന്ന ഷാജഹാനെ 2020 ഡിസംബർമുതലാണ് കാണാതായതായി പരാതി ലഭിച്ചത്. കൊല്ലപ്പെട്ട ഷാജഹാന്റെ പാലക്കാടുമായുള്ള ബന്ധമാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഷാജഹാനെക്കുറിച്ച് അറിയുന്നവരോ മുൻപരിചയമുള്ളവരോ ഇയാളുടെ ബന്ധങ്ങൾ അറിയുന്നവരോ പാലക്കാട് ക്രൈംബ്രാഞ്ച് ഓഫീസിൽ അറിയിക്കണമെന്ന് അന്വേഷണസംഘം പറഞ്ഞു. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ (ഒന്ന്), ക്രൈംബ്രാഞ്ച്, പാലക്കാട്. ഫോൺ: 9495824357, 0491 2537071.

Content Highlights: Charred body found in 2021 at Thachampara identified in 2026., Identification confirmed through advanced DNA profiling by the Crime Branch., Victim identified as Shahjahan (47) from Karunagappally, missing since Dec 2020., Crime Branch seeks public assistance to trace the victim's connections in Palakkad., Confidentiality guaranteed for informants providing leads.