പലതവണ വീട്ടിലെത്തി, വിവരങ്ങൾ നൽകിയില്ല; പോലീസും ഡെപ്യൂട്ടിതഹസിൽദാരും എത്തിയപ്പോൾ വിവരംനൽകി തടിയൂരി

പാലക്കാട്: സെൻസസ് വിവരങ്ങളെടുക്കാൻ പലതവണ വീട്ടിലെത്തിയിട്ടും വിവരങ്ങൾ നൽകാൻ തയ്യാറായില്ല. പോലീസും ഡെപ്യൂട്ടി തഹസിൽദാരും വീട്ടിലെത്തിയപ്പോൾ ഒടുവിൽ വിവരങ്ങൾ നൽകി തടിയൂരി. കൊടുമ്പ് പോളിടെക്നിക് കോളേജിനുസമീപം മരുതറോഡ് പഞ്ചായത്തിന്റെ ഭാഗത്ത് താമസിക്കുന്ന വ്യക്തിയാണ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ പറഞ്ഞുതരില്ലെന്ന് അറിയിച്ചത്. സഹകരിച്ചില്ലെങ്കിൽ സെൻസസ് ആക്ട് പ്രകാരം കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പോലീസും ഉദ്യോഗസ്ഥരും അറിയിക്കുകയായിരുന്നു.
ദിവസങ്ങൾക്കുമുൻപ് വനിതാ എന്യൂമറേറ്റർ ഇയാളുടെ വീട്ടിലെത്തിയപ്പോൾ എന്തിന് എല്ലാം പറഞ്ഞുതരണമെന്നാണ് ഈ വ്യക്തി ചോദിച്ചത്. വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തില്ലേയെന്നും ആദ്യം എന്റെ ചോദ്യങ്ങൾക്ക് മറുപടിപറയണമെന്നും വ്യക്തി ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് സെൻസസ് സൂപ്പർവൈസറും മറ്റൊരുദിവസം വില്ലേജോഫീസറും വീട്ടിലെത്തിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി.
ഇതോടെ, ജില്ലാ സെൻസസ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ഇവർമുഖേന കസബ പോലീസും ഡെപ്യൂട്ടി തഹസിൽദാർ അജിത്കുമാറും മറ്റ് ഉദ്യോഗസ്ഥരും വ്യക്തിയുടെ വീടുതേടി എത്തുകയായിരുന്നു. ഇയാൾ നേരത്തേ ചിറക്കാട് ഭാഗത്താണ് താമസിച്ചിരുന്നതെന്ന് പറയുന്നു.
Content Highlights: Resident in Marutharode, Palakkad refused to share census details., Multiple visits by enumerators and officials were ignored., Police and Deputy Tahsildar intervened citing the Census Act., Legal action warned if cooperation continues to be denied.