നീല ട്രോളി വിവാദം: ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്ത് പോലീസ്

ആലപ്പുഴ: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തില്‍ മുന്‍ എം.എല്‍.എ. ഷാനിമോള്‍ ഉസ്മാന്റെ മൊഴിയെടുത്ത് പോലീസ്. പാലക്കാടുനിന്നുള്ള പോലീസ് സംഘം ആലപ്പുഴയില്‍ എത്തിയാണ് മൊഴിയെടുത്തത്. ട്രോളി ബാഗ് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് ഷാനിമോള്‍ ഉസ്മാനില്‍നിന്ന് തേടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തെളിവൊന്നും കണ്ടെത്താനായില്ലെന്ന് കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പാലക്കാട് എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ തുടര്‍നടപടി ആവശ്യമില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ ഹോട്ടലില്‍ നീല ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സി.പി.എം. നേതാക്കളുടെ പരാതിയില്‍ പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നു. ഹാര്‍ഡ് ഡിസ്‌ക്ക് ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുക്കുകയും ഹോട്ടലിലെ 22 സി.സി.ടി.വികളും പരിശോധിക്കുകയും ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലില്‍ എത്തുന്ന ദൃശ്യങ്ങള്‍ സി.പി.എം. പുറത്തുവിട്ടിരുന്നു. ബാഗില്‍ കള്ളപ്പണമാണ് എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍ ബാഗില്‍ തന്റെ വസ്ത്രങ്ങളാണെന്ന മറുപടിയുമായി രാഹുലും രംഗത്തെത്തിയിരുന്നു.
Content Highlights: Police in Palakkad investigated a controversy surrounding a blue trolley bag during the by-election