റോഡിലെ വെള്ള വരയിൽ തെന്നി ബൈക്ക് കെ.എസ്.ആർ.ടി.സി. ബസിലിടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കളത്തൂക്കടവ് (പാലാ): കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു. മുണ്ടക്കയം കൊക്കയാർ കമലഭവനിൽ കൃഷ്ണന്റെ മകൻ കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളജിലെ വിദ്യാർഥിയായിരുന്നു.
ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരീക്ഷയ്ക്കായി കോളജിലേക്ക് പോകവേ, ശിവ സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയിൽ തെന്നി എതിരെവന്ന കെ.എസ്.ആർ.ടി.സി. ബസിൽ ഇടിക്കുകയായിരുന്നു. തൃശൂരിൽനിന്ന് അടൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്.
മഴ പെയ്തിരുന്നതിനാലാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയെത്തിയാണ് റോഡിലെ രക്തം കഴുകിനീക്കിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: കർത്തമ്മ. സഹോദരങ്ങൾ: ജീവ, ജ്യോതി, ശക്തി. സംസ്കാരം പിന്നീട്.
Content Highlights: Polytechnic student K. Shiva (24) died in the collision., Bike skidded on the road's white line due to rain., Accident occurred on the Erattupetta-Thodupuzha road near Valiyamangalam., Police and Fire Force handled the post-accident procedures.