ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടം, ദുഃഖമുണ്ട്; കോൺഗ്രസിലേക്ക് മടങ്ങി ആ തെറ്റ് തിരുത്തുന്നു- കത്തുനൽകി പത്മിനി

#ന്യൂസ് ഡെസ്‌ക്
പത്മിനി തോമസ് | Image courtesy: Mathrubhumi news screengrab
പത്മിനി തോമസ് | Image courtesy: Mathrubhumi news screengrab

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനൽകി മുൻ കായികതാരം പത്മിനി തോമസ്. ഇന്ദിരാ ഭവനിലെത്തിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് അവർ കത്തുനൽകിയത്. ബിജെപിയിലേക്ക് പോയത് എടുത്തുചാട്ടമായിരുന്നെന്നും അതിൽ ദുഃഖമുണ്ടെന്നും കോൺഗ്രസിലേക്ക് മടങ്ങിയെത്തി ആ തെറ്റു തിരുത്തുകയാണെന്നും അവർ പറഞ്ഞു.

‘രണ്ടരവർഷം താൻ ബിജെപിയിലുണ്ടായിരുന്നു. അവിടുത്തെ ചില കാര്യങ്ങളുമായി സഹകരിച്ചുപോകാൻ പറ്റത്തില്ല. ഡിമാൻഡുകളൊന്നും വെച്ചുകൊണ്ടല്ല ബിജെപിയിലേക്ക് പോയത്. കായികമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ ഉൾപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല. താനായാലും പത്മജ ആയാലും ശ്രീലേഖ ആയാലും ശോഭാ സുരേന്ദ്രനായാലും പല പദവികളും കിട്ടേണ്ടതായിരുന്നു. പക്ഷേ അവർക്കാർക്കും ഒന്നും കിട്ടിയില്ല, പത്മിനി പറഞ്ഞു.

‘പദവിക്ക് വേണ്ടിയല്ല പറയുന്നത്. ഒന്നും മുൻപോട്ട് പോകുന്നില്ല. പല കാര്യങ്ങളും പറയുമെങ്കിലും അതിൽ പോസിറ്റീവ് ആയ തീരുമാനങ്ങൾ ഉണ്ടാകുന്നില്ല. അവസാനകാലമായപ്പോഴേക്കും കൂടിക്കാഴ്ചകൾ പോലും ബുദ്ധിമുട്ടായി. പ്രസിഡന്റ് പലപ്പോഴും ഇല്ല. പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി ചെയ്യില്ല’, പത്മിനി ചൂണ്ടിക്കാട്ടി.

ബിജെപിയിൽ ചെന്ന് കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവിടുത്തെ കാര്യങ്ങളും പ്രവർത്തനങ്ങളും മനസ്സിലായെന്നും പത്മിനി പറഞ്ഞു. ഒരു ചെറിയ വിഷമം ഉണ്ടായപ്പോഴേക്ക് ഞാൻ എന്റെ കുടുംബത്തിൽനിന്ന് എടുത്തുചാടി ഒരു കാര്യം ചെയ്താണ്. അതിൽ ഒരുപാട് ദുഃഖമുണ്ട്. ആ തെറ്റു താൻ തിരുത്തുകയാണ്. അർജുന അവാർഡ് ശുപാർശ ഉൾപ്പെടെ എല്ലാക്കാര്യങ്ങളും തന്നത് കോൺഗ്രസ് പാർട്ടിയാണ്. ചെറിയ തെറ്റ് ചെയ്താൽ അവർക്ക് ക്ഷമിക്കാൻ കഴിയുമെന്ന് തനിക്കറിയാം. താൻ തിരിച്ചുവരികയാണ്, അവർ പറഞ്ഞു.

Content Highlights: Former athlete Padmini Thomas submitted a letter to KPCC President Sunny Joseph to rejoin the Congress party., She stated that her transition to the BJP was a hasty decision and expressed regret over it., She cited lack of positive action and unfulfilled promises within the BJP as reasons for her departure., Acknowledged that the Congress party supported her career, including her Arjuna Award recommendation.