'നിന്റെ കാലുകളിലൊന്ന് നഷ്ടമാകുമ്പോള്‍ നീ ഒരുകാലില്‍ നില്‍ക്കണം' വീല്‍ചെയറിലും തളരാതെ റാബിയ

'നിന്റെ കാലുകളിലൊന്ന് നഷ്ടമാകുമ്പോള്‍ നീ ഒരുകാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാവണം കരുത്ത്. കൈകളും വിധി കൊണ്ടു പോവുകയാണെങ്കില്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം' കെ.വി റാബിയയുടെ ഈ വാക്കുകള്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ഉള്‍ക്കരുത്തിനുമുള്ള ഉദാഹരണമായിരുന്നു. ഇക്കാലമത്രയും വീല്‍ചെയറിലിരുന്ന് ജീവിതം കൊണ്ട് ഒരു നാടിനെയൊന്നാകെ വെളിച്ചത്തിലേക്ക് നയിച്ച റാബിയ ഈ ലോകത്തോട് വിടപറയുമ്പോള്‍ തിരൂരങ്ങാടിക്ക് മാത്രമല്ല കേരളത്തിന് മുഴുവന്‍ പാഠമായ ഒരധ്യായം കൂടിയാണ് അവസാനിക്കുന്നത്.
തളര്‍ന്നിരുന്നുപോവാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു റാബിയക്ക്. കുഞ്ഞുന്നാളിലെ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ കഠിന പരീക്ഷണങ്ങളേറെ. പക്ഷെ ഇത്രയും കാലം എല്ലാത്തിനേയും തോല്‍പിച്ച് റാബിയ അക്ഷരങ്ങളെ കൂട്ടുപിടിച്ച് മുന്നോട്ടുപോവുകയായിരുന്നു. തീരൂരങ്ങാടിയിലെ വെള്ളിലക്കാടെന്ന ഗ്രാമം പിന്നീട് റാബിയയെ തേടി വന്നു. റാബിയ അവര്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം ദൃഢനിശ്ചയം കൊണ്ട് താന്‍ ജീവിതത്തെ നേരിട്ട കഥ പറഞ്ഞു കൊടുത്തു. വേദന ഒന്നിന്റേയും അവസാനവാക്കല്ലെന്ന് വീല്‍ചെയറിലിരുന്നവര്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചുകൊടുത്തു. ഒടുവില്‍ പത്മശ്രീയടക്കം അവരെ തേടിയെത്തി. ആ ജീവിതമറിയാന്‍ പലരും വെള്ളിലക്കാട്ടെ വീട്ടിലത്തി.
വേദനയിലും മുടക്കാത്ത പഠനം
വേദനയെ കൂട്ടുപിടിച്ചായിരുന്നു 1966 ഫെബ്രുവരി 25 ന് കുഞ്ഞുറാബിയയുടെ ജനനം. ആ വേദന പഠനം തുടങ്ങേണ്ട കാലത്തും മാറിയില്ല. പക്ഷെ വേദനയുടെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ തയ്യാറായിരുന്നില്ല റാബിയ. വേദന തിന്ന് സ്‌കൂളിലെത്തി. ആ വേദനയെ അക്ഷരമരുന്നുപയോഗിച്ച് സുഖപ്പെടുത്തി. പക്ഷെ പത്താം ക്ലാസിലെത്തിയപ്പോള്‍ പോളിയോയുടെ രൂപത്തിലായിരുന്നു പരീക്ഷണം. കിടക്കയില്‍ അവസാനിക്കേണ്ട ജീവിതത്തില്‍ നിന്നും പക്ഷെ ആ പെണ്‍കുട്ടി ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്ന് പറന്നു. അതിന് റാബിയയുടെ ഉപ്പയുടെ അനുജന്‍ നിമിത്തമാവുകയും ചെയ്തു.
റാബിയയേക്കാള്‍ ഇളയതായിരുന്നു ഉപ്പയുടെ അനുജന്‍ അബ്ദുറഹ്‌മാന്‍ കുട്ടി. വേദന തിന്ന് വീട്ടിലിരുന്ന് ശിഷ്ടജീവിതം കഴിച്ചുകൂട്ടുന്നതിന് പകരം പഠിക്കണമെന്ന് വീട്ടുകാരെ അറിയിച്ചതോടെ കുടംബവും കട്ടസപ്പോര്‍ട്ട് നല്‍കി. അബ്ദുറഹ്‌മാന് ഒരു സൈക്കിള്‍ വാങ്ങിക്കൊടുത്തു. ഒറ്റ നിബന്ധന, റാബിയയെ സ്‌കൂളില്‍ കൊണ്ട് വിടുകയും കൂട്ടിക്കൊണ്ടുവരികയും വേണം പകരം സൈക്കിള്‍ സ്വന്തമായെടുക്കാം. മറ്റൊന്ന് ചിന്തിക്കാന്‍ അബ്ദുറഹ്‌മാനുണ്ടായിരുന്നില്ല.
അബ്ദുറഹ്‌മാന്റെ സൈക്കിളങ്ങനെ റാബിയയുടെ സ്‌കൂള്‍ വണ്ടിയായി. ആ യാത്ര പ്രീഡിഗ്രി വരെ തുടര്‍ന്നു. പിന്നീട് ഓട്ടോയിലായിരുന്നു യാത്ര. കോളേജ് പഠനത്തിനൊപ്പം കുഞ്ഞുന്നാളിലെ കൂടെക്കൂട്ടിയ വായനയെ ചേര്‍ത്ത് പിടിച്ചു. അങ്ങനെ ലോകത്തെയറിഞ്ഞു വേദനിക്കുന്നവരുടെ ജീവിതത്തിലേക്കിറങ്ങിച്ചെന്നു. സാക്ഷരതാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിച്ചു. ഇതോടെ മറ്റുള്ളവരുടെ ജീവിതവും തളിര്‍ക്കാന്‍ തുടങ്ങി.
വീട്ടില്‍ തുടങ്ങിയ സാക്ഷരതാക്ലാസ്
തനിക്ക് വഴിവിളക്കായ അക്ഷരവെളിച്ചം മറ്റുള്ളവര്‍ക്കും പകര്‍ന്ന് നല്‍കുക എന്ന ചിന്തയോടെയാണ് നിരക്ഷരരായവരെ തേടി റാബിയ പോയത്. അവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കി. 1990 മുതല്‍ സാക്ഷാരതാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. അതൊരു വിപ്ലവത്തിനുള്ള തുടക്കം കൂടിയായിരുന്നു. എട്ടുവയസ്സ് മുതല്‍ 80 വയസ്സുവരെയുള്ളവര്‍ അക്കാലത്ത് റാബിയയുടെ വീട്ടിലെ പഠിതാക്കളായി. അതുകണ്ട് ഉദ്യോഗസ്ഥരടക്കം ഞെട്ടി.
ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരടക്കം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികളും നടത്തിപ്പോന്നു. സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.
വെള്ളിലക്കാട്ടില്‍ അന്ന് വെള്ളവും വെളിച്ചവുമുണ്ടായിരുന്നില്ല. തന്നെ കാണാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ വെള്ളിലക്കാട്ടില്‍ വെള്ളവും വെളിച്ചവുമെത്തണമെന്ന ആവശ്യമാണ് റാബിയ ഉന്നയിച്ചത്. അങ്ങനെ അക്ഷരം യഥാര്‍ഥത്തില്‍ ഒരു നാടിന്റെ വെളിച്ചം തന്നെയായി. പുതിയ റോഡ്, വൈദ്യുതി, ടെലിഫോണ്‍ കണക്ഷനുകള്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയുടെ പേരിലാണ് ആ ഗ്രാമത്തിലെ ത്തിയത്. ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന പുതിയ റോഡിന് സര്‍ക്കാര്‍ നല്‍കിയ പേര് അക്ഷരമെന്നായിരുന്നു. 1993 ല്‍ നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരാ മിഷന്‍ അവാര്‍ഡ്, യു. എന്‍ ഇന്‍ര്‍നാഷണല്‍ അവാര്‍ഡ്, പത്മശ്രീ എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി അവരെത്തേടിയെത്തി.
സ്വപ്‌നങ്ങള്‍ക്ക് ചിറകുവിടര്‍ത്തിയ ചലനം
സ്വന്തം ശാരീരിക വൈകല്യം തന്നെ ഏറ്റവും വലിയ പരീക്ഷയായ റാബിയയ്ക്ക് ആ പരീക്ഷ വിജയിക്കുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിനെയെല്ലാം നേരിട്ട് വിജയക്കുതിപ്പ് നടത്തിയപ്പോള്‍ ഇതുപോലെയുള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അങ്ങനെയാണ് ചലനമെന്ന സന്നദ്ധ സേവന സംഘടനയ്ക്ക് 1994 ല്‍ തുടക്കമിടുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കുവേണ്ടിയെല്ലാമുള്ള പ്രവര്‍ത്തനമായിരുന്നു ചലനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ആറു സ്‌കൂളുകള്‍ സംഘടന സ്ഥാപിച്ചു. 56 കുട്ടികള്‍ തുടക്കത്തില്‍ പഠിക്കാനെത്തി. അവരെ പഠിക്കാനൊപ്പം ജീവിക്കാനും പരിശീലിപ്പിച്ചു. ഫിസിക്കല്‍, ആര്‍ട്ട്, സ്പീച്ച്, ഒക്യുപേഷണല്‍, ക്രിയേറ്റിവിറ്റി തെറാപ്പികള്‍ എന്നിവയെല്ലാം സാധ്യമാക്കി.
സ്ത്രീധനം, മദ്യപാനം, അന്ധ വിശ്വാസം, വര്‍ഗീയത തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് എതിരെ റാബിയ ചലനത്തിലൂടെ പോരാട്ടം തുടര്‍ന്നു. തന്റെ വീല്‍ചെയറിലിരുന്ന് സ്ത്രീകള്‍ക്ക് വേണ്ടി ചെറുകിട നിര്‍മാണ ശാലകള്‍, വനിതാ ലൈബ്രറി തുടങ്ങി ആ നാടിന് അപരിചിതമായ ഒട്ടേറെ നവീന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കി. മലപ്പുറം ജില്ലയിലെ കമ്പ്യൂട്ടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച അക്ഷയ പദ്ധതിക്ക് ഒപ്പവും റാബിയ ഉണ്ടായിരുന്നു. പദ്ധതി പിന്നീട് കേരളം മുഴുവന്‍ വ്യാപിച്ചത് മറ്റൊരു ചരിത്രമായി.
കാന്‍സര്‍ രോഗകാലത്തും തളരാതെ
പോളിയോ വീല്‍ചെയറിലാക്കിയെങ്കിലും തളരാത്ത മനസ്സായിരുന്നു റാബിയയുടേത്. അതിനിടെയാണ് കാന്‍സര്‍ രോഗവും പിടിപെട്ടത്. ഇതോടെയാണ് വീട്ടില്‍ കിടപ്പിലായത്. കാന്‍സര്‍ ചികിത്സയില്‍ നിന്ന് മുക്തിനേടും മുമ്പായിരുന്നു ബാത്‌റൂമില്‍ തെന്നിവീണ് നട്ടെല്ലിന് ക്ഷതമേറ്റത്. ഇതോടെ ഒറ്റക്കിടപ്പായി. ആ കിടപ്പ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. കുടല്‍, കരള്‍, ശ്വാസകോശം എന്നിവയുടെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാക്കി. ഇതിനിടെ പുസ്തക രചനയും നടന്നു. സ്വപ്‌നങ്ങള്‍ക്ക് ചിറുകളുണ്ട് എന്ന തന്റെ ആത്മകഥ റാബിയ കടന്നുവന്ന വഴികളെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. 20 ഓളം ആളുകളുള്ള കുടുംബത്തിലായിരുന്നു റാബിയയുടെ ജനനം. ആറ് പെണ്‍മക്കളില്‍ രണ്ടാമത്തേത്. ഇതിനിടയ്ക്കാണ് വൈകല്യവുമായി റാബിയയും പിറന്നത്.
പഠിക്കാന്‍ പോകുമ്പോള്‍ ഒരുപാടുപേര്‍ റാബിയയെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പഠിച്ച് കളക്ടറായിട്ട് ഉപ്പാനെയും ഉമ്മാനെയും തീറ്റിപ്പോറ്റാന്‍ പോകുകയാണ് എന്ന് ചിലര്‍ കളിയാക്കി. പക്ഷെ അതിനെയെല്ലാം ഇക്കാലമത്രയും റാബിയ ചിരിച്ച് കൊണ്ട് നേരിടുകയായിരുന്നു.
Content Highlights: padmashri-kv-rabiya-passes-away-58