‘തെറ്റുപറ്റി തിരിച്ചെടുക്കണം’; മാപ്പപേക്ഷിച്ച് കെപിസിസിക്ക് കത്തുനൽകി പദ്മജ, പദ്മിനിയും കത്തയച്ചു

തിരുവനന്തപുരം: കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പദ്മജ വേണുഗോപാൽ കെ.പി.സി.സി.ക്ക് കത്തുനൽകി. നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും ഇ മെയിലായാണ് കത്തയച്ചത്. തെറ്റുപറ്റിയെന്നും പാർട്ടിയിൽ തിരിച്ചെടുക്കണമെന്നുമാണ് കത്തിലെ ആവശ്യം. പദ്മജയ്ക്കു പിന്നാലെ ബി.ജെ.പി. വിട്ട പദ്മിനി തോമസും കോൺഗ്രസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. ആസ്ഥാനത്തെത്തി നേരിട്ട് കത്ത് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് പദ്മജ വേണുഗോപാലും പദ്മിനി തോമസും ബി.ജെ.പി. ബന്ധം ഉപേക്ഷിച്ചതായി അറിയിച്ചത്. പാർട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിൽ ഉപേക്ഷിച്ചുപോയവരെ തിരികെയെടുക്കരുതെന്നായിരുന്നു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ ഇക്കാര്യത്തിലെ നിലപാട്. എന്നാൽ, തെറ്റ് സമ്മതിച്ച് ക്ഷമചോദിക്കുകയും മാപ്പപേക്ഷിച്ച് കത്തുനൽകുകയും ചെയ്ത സാഹചര്യത്തിൽ നേതാക്കളുടെ ഭാഗത്തുനിന്നുള്ള എതിർപ്പുകൾക്ക് അയവുവന്നിട്ടുണ്ട്.
ഇരുവരെയും പാർട്ടിയിൽ തിരിച്ചെടുക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇവരുടെ പാർട്ടി പുനഃപ്രവേശനം സംബന്ധിച്ച് അടുത്ത കെ.പി.സി.സി. നിർവാഹകസമിതി എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ചചെയ്ത് അന്തിമതീരുമാനം കൈക്കൊള്ളും.
Content Highlights: Padmaja Venugopal sent an unconditional apology email to KPCC seeking re-entry into the Congress party., Padmini Thomas also submitted a direct letter to KPCC headquarters after leaving the BJP.