ഗവർണർ പദവി ലഭിച്ചില്ല, വനിതാ കമ്മിഷൻ അംഗമായും പരിഗണിച്ചില്ല; വഴികളടഞ്ഞ് പദ്മജ, കോൺഗ്രസിലേക്ക് മടങ്ങുമോ?

തൃശ്ശൂർ: കേരളത്തിലെ രണ്ട് കോൺഗ്രസ് മുൻമുഖ്യമന്ത്രിമാരുടെ മക്കളാണ് ബി.ജെ.പി.യിലേക്ക് പോയത്. കെ. കരുണാകരന്റെ മകൾ പദ്മജാ വേണുഗോപാലും എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും. അനിൽ ഉറച്ചുനിൽക്കുമ്പോൾ പദ്മജ മതിയാക്കുകയാണ്. തിരികെ കോൺഗ്രസിൽ ചേരുന്നത് തീരുമാനിച്ചിട്ടില്ലെന്ന് പദ്മജ പറയുന്നത് കോൺഗ്രസ് പ്രവർത്തകരുടെ, പ്രത്യേകിച്ച് തൃശ്ശൂരിലെ വികാരം കണക്കിലെടുത്താകണം.
കോൺഗ്രസിന്റെ ജില്ലാ-സംസ്ഥാന-ദേശീയ നേതൃത്വങ്ങൾക്കെതിരേ അഴിമതിയാരോപണം ഉൾപ്പെടെ ഉന്നയിച്ചാണ് പദ്മജ ബി.ജെ.പി.യിലേക്ക് പോയത്. ബി.ജെ.പി.യാകട്ടെ, പദ്മജ വന്നപോലെ പോയി എന്ന മട്ടിലാണ്. ‘പ്രത്യേകിച്ച് ദോഷമുണ്ടാക്കിയില്ല, ഗുണവും’ എന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം. നല്ല സ്ത്രീയാണ്, വ്യക്തിപരമായ കാരണത്തിന്റെ പേരിൽ രാജിവെക്കുമ്പോൾ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ഔദ്യോഗിക പ്രതികരണം.
കോൺഗ്രസിൽ പരാതി പറയാൻപോലും വേദി കിട്ടുന്നില്ലെന്ന് പറഞ്ഞ് 2024 മാർച്ച് ഏഴിനാണ് പദ്മജ ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തു ചെന്ന് പ്രകാശ് ജാവഡേക്കറിൽനിന്ന് അംഗത്വം സ്വീകരിച്ചത്. പിന്നാലെ, തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽനിന്ന് സുരേഷ് ഗോപി ബി.ജെ.പി.ടിക്കറ്റിൽ ജയിക്കുകയും ചെയ്തു. അതും പദ്മജയുടെ സഹോദരനായ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി.
സുരേഷ് ഗോപി ജയിച്ചത് തന്റെ സ്വാധീനം കൊണ്ടെന്ന് പദ്മജ അവകാശപ്പെട്ടു. അത് പരീക്ഷിച്ചുറപ്പിക്കാനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ പദ്മജയെ ബി.ജെ.പി. മത്സരിപ്പിച്ചത്. വോട്ടർമാർ പക്ഷേ, അനുകൂലിച്ചില്ല. 28662 വോട്ട് മാത്രം നേടി പദ്മജ മൂന്നാം സ്ഥാനത്തായി. രണ്ടുകൊല്ലം മുൻപ് സുരേഷ് ഗോപി ഇവിടെ നേടിയതിന്റെ (55557) ഏതാണ്ട് പകുതിമാത്രം.
66-കാരിയായ പദ്മജയെ ഗവർണർ പദവയിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. സംസ്ഥാന നേതൃത്വം ഇക്കാര്യമുന്നയിച്ച് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ഒടുവിൽ പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി ഗോവയിൽ ഗവർണറാക്കാൻ പോകുന്നതായും കേട്ടു. ശ്രീധരൻ പിള്ളയെ മാറ്റിയെങ്കിലും പകരം പദ്മജ വന്നില്ല. ദേശീയ വനിതാ കമ്മിഷൻ അംഗമായും പരിഗണിച്ചില്ല. ദേശീയ സമിതി പുനഃസംഘടിപ്പിച്ചിട്ടില്ലാത്തതിനാൽ പാർട്ടി പദവിയും ദൂരത്തായി.
കോൺഗ്രസ് അടക്കം മറ്റു പാർട്ടികളിൽനിന്ന് വന്ന അനിൽ ആന്റണി, എ.പി. അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർക്ക് ന്യൂനപക്ഷ മുഖമുള്ളതിനാൽ ബി.ജെ.പി.യിൽ അവർ കുറച്ചുകൂടി പരിഗണിക്കപ്പെടുന്നുണ്ട്. പദ്മജയ്ക്ക് തിരികെ കോൺഗ്രസിൽ ചേരുകയാണ് വഴിയെങ്കിലും അതൊട്ടും എളുപ്പമല്ല.
Content Highlights: Former Chief Minister K. Karunakaran's daughter Padmaja Venugopal has decided to quit the BJP following sidelined party roles and an electoral defeat in Thrissur, leaving questions over her potential return to Congress.