നെൽവിത്തുകളുടെ കാവലാൾ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

#ന്യൂസ് ഡെസ്ക്
ചെറുവയല്‍ രാമന്‍ |ഫോട്ടോ:പി.ജയേഷ്|മാതൃഭൂമി
ചെറുവയല്‍ രാമന്‍ |ഫോട്ടോ:പി.ജയേഷ്|മാതൃഭൂമി

മാനന്തവാടി: പദ്മശ്രീ ജേതാവും വയനാടൻ ഗോത്രകർഷകനുമായ ചെറുവയൽ രാമൻ (75) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കേരളത്തിലെ പരമ്പരാഗത നാടൻ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമാണ്. 2023-ൽ രാജ്യം ഇദ്ദേഹത്തെ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. 

1952-ൽ വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള എടവക കമ്മനയിലാണ് ജനിച്ചത്. കാർഷിക പരിജ്ഞാനമോ സസ്യശാസ്ത്രമോ പഠിച്ചിട്ടില്ലാത്ത രാമൻ, തന്റെ 17-ാം വയസ്സ് മുതൽ കൃഷിയിലേക്ക് ഇറങ്ങി. വയനാട്ടിലെ പരമ്പരാഗതമായ വൈക്കോലും പുല്ലും മേഞ്ഞ മൺവീട്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.

വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം, നൂറുവർഷങ്ങൾക്ക് മുൻപ് വയനാട്ടിലുണ്ടായിരുന്ന നൂറിലേറെ നാടൻ നെൽവിത്തിനങ്ങളിൽ മുപ്പതെണ്ണം കൃഷിചെയ്ത് നിലനിർത്തിയിരുന്നു. 2026-ൽ കാർഷികമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമനാണ് ലഭിച്ചത്.

ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്. മരുമക്കൾ: തങ്കമണി, രജിത, രാജൻ, ഉണ്ണികൃഷ്ണൻ.

അനുശോചിച്ച് മുഖ്യമന്ത്രി

വയനാടിന്റെ മണ്ണിൽ തലമുറകളുടെ ഓർമ്മകൾക്ക് കാവൽ നിന്ന കർഷകനായിരുന്നു ചെറുവയൽ രാമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. അന്യംനിന്നുപോയേക്കാമായിരുന്ന പാരമ്പര്യ നെൽവിത്തിനങ്ങളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി, വരുംതലമുറയ്ക്ക് കരുതിവെച്ച ചെറുവയൽ രാമൻ യാഥാർത്ഥത്തിൽ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനായിരുന്നു.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്ത ശേഷം ചിങ്ങം ഒന്നിന് പ്രഖ്യാപിച്ച പ്രഥമ ഉമ്മൻചാണ്ടി സ്മാരക കാർഷിക പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമായിരുന്നു. ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന്റെ കാർഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Content Highlights: Padma Shri Cheruvayal Raman passed away