അജിത് കുമാർ പണിയെടുക്കുന്നത് RSSന് വേണ്ടി, എന്നെ ചീറ്റ് ചെയ്യുന്നുവെന്ന് വളരെ ക്ലിയറാണ് പി.വി. അൻവർ

പി.വി. അന്‍വര്‍, എം.ആര്‍. അജിത് കുമാര്‍ | Photo: Mathrubhumi
പി.വി. അന്‍വര്‍, എം.ആര്‍. അജിത് കുമാര്‍ | Photo: Mathrubhumi

നിലമ്പൂർ: മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതിന് രണ്ട് മാസം മുമ്പാണ് അജിത് കുമാറുമായി താൻ കൂടിക്കാഴ്ച നടത്തിയതെന്ന് പി.വി. അൻവർ. അജിത് കുമാർ ചതിക്കുന്നുവെന്ന വിവരം മനസ്സിലാക്കുകയും അദ്ദേഹത്തിൽ നിന്ന് നീതി ലഭിക്കാൻ പോകുന്നില്ലെന്ന് താൻ മനസ്സിലായെന്നും അൻവർ പറഞ്ഞു. 

എന്നെ ചതിച്ചുവെന്നത് വളരെ ക്ലിയറാണ്. ഈ വിവരം മനസ്സിലാക്കിയതോടെയാണ് ഒരു നീതിയും കിട്ടാൻ പോകുന്നില്ലെന്ന് മനസ്സിലായത്. റിദാൻ ബാസിൽ കേസ്, മാമി കേസ്, വിമാനത്താവള കള്ളക്കടത്ത് കേസ് കാര്യങ്ങൾ വ്യക്തിപരമായി അന്വേഷിച്ചത് ഇതിന് പിന്നാലെയാണ്. അതിന് ശേഷമാണ് മലപ്പുറത്തെ മരം മുറി വിഷയം വരുന്നത്. അജിത് കുമാറുമായി കണ്ടുമുട്ടി രണ്ടുമാസത്തിന് ശേഷം മുഖ്യമന്ത്രിക്ക് പരാതി നൽകി- അൻവർ പറഞ്ഞു.

തനിക്കെതിരേ പി.വി. അൻവർ ഗൂഢാലോചന നടത്തി എന്ന് അജിത് കുമാർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്; 'ഞാൻ എന്ത് ഗുഢാലോചനയാണ് നടത്തേണ്ടത്. എനിക്ക് എന്താണ് അദ്ദേഹത്തോട് വിരോധം. അദ്ദേഹം കേരളത്തിലെ ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നു. ബന്ധം മുഴുവൻ കേന്ദ്ര സർക്കാരുമായിട്ടാണ്. അജിത് കുമാറിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു സുജിത് ദാസ്. അതു കൊണ്ടാണ് സ്വർണക്കള്ളക്കടത്ത് നടത്തിയത്. ഈ പണം പോരാഞ്ഞിട്ടാണ് മരം മുറിച്ചു കൊണ്ടുപോയി. ഞാൻ വസ്തുതാപരമായ കാര്യങ്ങളാണ് പറഞ്ഞത്. കവടിയാറിലെ വീട്, ഫ്ലാറ്റ് വാങ്ങിയത് എന്നിവയാണ് ഞാൻ ഉന്നയിച്ചത്. ആ രേഖകളാണല്ലോ കോടതി ഏറ്റെടുത്തത്- പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണ സംഘത്തിന് എം.ആർ. അജിത് കുമാർ നൽകിയ മൊഴിപ്പകർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പോലീസിനുള്ളിലെ ഗൂഢാലോചനയെന്നാണ് മൊഴിയിൽ അജിത് കുമാർ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ച് താൻ നേരിട്ട് പി.വി. അൻവറിനെ ചെന്ന് കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlights: P.V. Anwar Alleges Betrayal by M.R. Ajith Kumar, Details Meeting Prior to Complaint to Chief Ministe