'ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു, അജിത് കുമാറിനെ മാറ്റേണ്ട'; മുഖ്യമന്ത്രിയുടെ വഴിയേ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണില്ല. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ മാറ്റേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.
പി. ശശിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നല്‍കിയ പരാതിയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നെന്നാണ് വിവരം. കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ അതേ നിലപാടിലേക്കാണ് പാര്‍ട്ടിയും എത്തുന്നതെന്നാണ് സൂചന.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി. ശശിയെ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് പാര്‍ട്ടിയാണെന്നും അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി നേരത്തെ ഈ വിഷയത്തിൽ നൽകിയ വിശദീകരണം. തെറ്റായ ഒരു കാര്യവും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ശശിക്കെതിരെ ആരുപറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തെള്ളിക്കളയുമെന്നും അന്ന് പിണറായി പറഞ്ഞിരുന്നു.
എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ തത്കാലം മാറ്റേണ്ടതില്ലെന്നും പിണറായി നേരത്തെ വ്യക്തമാക്കിയിരുന്നു. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളേയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ മാത്രം നടപടിയുണ്ടാകുമെന്നായിരുന്നു പിണറായിയുടെ വിശദീകരണം.
മരംമുറി, അനധികൃതസ്വത്തുസമ്പാദനം, സ്വര്‍ണ്ണക്കടത്ത്, കൈക്കൂലി, പൂരം കലക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്‍വര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഉത്തരവാദിത്തങ്ങളില്‍ വീഴ്ചവരുത്തിയെന്ന ആരോപണമാണ് ആദ്യഘട്ടത്തില്‍ ശശിക്കെതിരെ ഉന്നയിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്തുകാരില്‍നിന്ന് പങ്കുപറ്റിയെന്ന് സംശയമുണ്ടെന്ന ഗുരുതരം ആരോപണംവരെ ഇത് നീണ്ടു. മാതൃകാപരമായ പ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ സംരക്ഷണത്തെ തള്ളിപ്പറഞ്ഞ അന്‍വര്‍, തനിക്ക് ആ വിശ്വാസമില്ലെന്നും വ്യക്തമാക്കിയിരുന്നു.
Content Highlights: No organizational investigation against P Sasi, No need to change MR Ajith Kumar, decides CPM