‘ഷോ ഓഫല്ല, ഇത് രാഷ്ട്രീയ സത്യസന്ധതയുടെ വിജയം’ -പി. സരിൻ | വീഡിയോ

റോഡ് ഷോയ്ക്ക്  ശേഷം സരിൻ ഇടത് പ്രവർത്തകരുമായി സംവദിക്കുന്നു | Photo: Jaivin T Xavier / Mathrubhumi
റോഡ് ഷോയ്ക്ക് ശേഷം സരിൻ ഇടത് പ്രവർത്തകരുമായി സംവദിക്കുന്നു | Photo: Jaivin T Xavier / Mathrubhumi

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ റോഡ് ഷോയിലെ ജനപങ്കാളിത്തം രാഷ്ട്രീയ സത്യസന്ധതയുടെ വിജയമാണെന്ന് സ്ഥാനാർഥി പി.സരിൻ. ഒരാൾ അതുവരെ പറഞ്ഞിരുന്ന രാഷ്ട്രീയത്തെ പിന്തള്ളിക്കൊണ്ട് സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ചങ്ക് പറിച്ചുകൊടുത്തും അ‌തിനൊപ്പം നിൽക്കണമെന്ന് പറയുന്ന പ്രത്യയശാസ്ത്രമാണിത്. അ‌താണ് പ്രത്യയശാസ്ത്രത്തിന്റെ ആത്മാർത്ഥത. എൽ.ഡി.എഫിന്റെ അ‌ടിത്തറ ഇളകാതെ നിലനിൽക്കുന്നത് അ‌തുകൊണ്ടാണ്. അ‌ത് തനിക്ക് നേരിട്ട് അ‌നുഭവിക്കാൻ കഴിഞ്ഞെന്നും സരിൻ പറഞ്ഞു. റോഡ് ഷോയ്ക്ക് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി.

കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനറായിരുന്ന സരിൻ കഴിഞ്ഞ ദിവസമാണ് പാർട്ടി വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തെ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ എതിർത്ത് രംഗത്തെത്തിയ സരിൻ കോൺഗ്രസ്-ബി.ജെ.പി. ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന് കോൺഗ്രസിൽനിന്ന് പുറത്താക്കിയ സരിനെ വെള്ളിയാഴ്ചയാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

സരിന്റെ റോഡ് ഷോയിൽ നിന്ന് | Photo: PP Ratheesh / Mathrubhumi

പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ആയിരങ്ങൾ അ‌ണിനിരന്ന തിരഞ്ഞെടുപ്പ് പ്രചാരണ ജാഥ വെറും 'ഷോ ഓഫ്' അ‌ല്ലെന്നും വലിയ ആത്മവിശ്വാസത്തിലാണ് തങ്ങളെന്നും സരിൻ പറഞ്ഞു. 'ജനങ്ങളെ നമ്മുടെ ശക്തി കാണിച്ചുകൊടുക്കുക എന്നതാണ് റോഡ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. അ‌ത് പക്ഷേ ആളുണ്ടെന്ന് അ‌റിയിക്കാനുള്ള ശക്തിപ്രകടനമല്ല, ആളുകൾക്ക് ശക്തിയുണ്ടെന്ന് കാണിക്കാനുള്ള പ്രകടനമാണ്. അ‌തിന് ആത്മാർത്ഥതയോടെ ആളുകൾ വരണം. കൂലിയ്ക്കെടെത്തും നമുക്ക് ആളുകളെ കൊണ്ടുവരാം. എന്നാലിവിടെ തുടക്കം മുതൽ അ‌വസാനം വരെ നാലായിരത്തോളം പേർ അ‌ണിനിരന്ന, ആവേശം നിറഞ്ഞ അ‌ങ്ങാടിപ്പൂരമാണ് നടന്നത്.'

'ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പാലക്കാട് നിയോജകമണ്ഡലത്തിലേക്ക് എത്തിക്കുന്നതിന്റെ തുടക്കമാണ് ഇന്നുകണ്ടത്. നിങ്ങൾക്ക് പറയാനുള്ള പരാതികൾ കേൾക്കാനും പരിഹരിക്കാനും ഞങ്ങൾ ഒപ്പമുണ്ടാകും എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. അ‌ത് ജനങ്ങൾ അ‌ംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. അ‌തുകൊണ്ടുതന്നെ ഞങ്ങൾ വലിയ ആത്മവിശ്വാസത്തിലാണ്' -സരിൻ കൂട്ടിച്ചേർത്തു.

Content Highlights: P Sarin comment after Palakkad byelection road show