ലീഗിനെ ജമാഅത്തെ ഇസ്ലാമി കോട്ടയ്ക്കൽ കഷായം കുടിപ്പിച്ചു, പുസ്തകമല്ല തിരഞ്ഞെടുപ്പിലെ ചർച്ച- പി. ജയരാജൻ

കല്പറ്റ: കേരളത്തിൽ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വർഗീയ സംഘർഷങ്ങൾ ഇല്ലാതായെന്ന് പി. ജയരാജൻ. മതനിരപേക്ഷതയുടെ സംരക്ഷിത തുരുത്തായി കേരളം മാറിയെന്നും ജയരാജൻ പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. ജയരാജൻ രചിച്ച 'കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയം ഇസ്ലാം' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയത്തിലുള്ള ചോദ്യത്തിന്, 'തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുക ആരെങ്കിലും എഴുതിയ പുസ്തകമല്ലെന്നും ജനങ്ങളുടെ താത്പര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് ഏത് പാർട്ടിയാണ് എന്നതാണെന്നും' ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോൺഗ്രസിനെ ജയിപ്പിച്ചിട്ട് എന്ത് പ്രയോജനം കിട്ടി എന്ന് വയനാട്ടിലെ വോട്ടർമാർ ആലോചിക്കണം. മണ്ഡലത്തിലെ ജനപ്രതിനിധി ആയിട്ടുള്ള രാഹുൽ ഗാന്ധി വൺ ഡേ സുൽത്താൻ ആയിട്ടാണ് വന്നത്. വയനാട് മണ്ഡലത്തിൽ വൺ ഡേ സുൽത്താനെ അല്ല വേണ്ടതെന്നും പി. ജയരാജൻ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ കൂടെ നിർത്തണം എന്ന സിപിഎമ്മിന്റെ നയത്തിൽനിന്നുള്ള വ്യതിയാനമല്ലേ പുസ്തക പ്രകാശത്തിന് പിന്നാലെ ഉയരുന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; 'പുസ്തകത്തിൽ പ്രതിപാദിച്ച വർഗീയ പ്രശ്നം ചർച്ച ചെയ്യും. കാരണം രാജ്യത്തുടനീളം വർഗീയത താണ്ഡവമാടിയിട്ടുള്ള ഘട്ടത്തിൽ, കേരളത്തിൽ 2016 മുതൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ഒരു വർഗീയ സംഘർഷവുമില്ലാതായത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഭൂരിപക്ഷ വർഗീയതയുടേയോ ന്യൂനപക്ഷ വർഗീയതയുടെയോ കോമരങ്ങളായി ആർക്കെങ്കിലും തല ഉയർത്തി നിൽക്കാൻ കേരളത്തിൽ സാധിച്ചോ? അത് പുസ്തകത്തിൽ പ്രതിപാദ്യവിഷയമാണ്' എന്ന് ജയരാജൻ പറഞ്ഞു.
ജമാഅത്ത് ഇസ്ലാമിയുടേയും പിഡിപിയുടേയും പിന്തുണ മുമ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്; 'ജമാഅത്തെ ഇസ്ലാമിയുടേത് ദൈവിക ഭരണം സ്ഥാപിക്കലാണ്. ആർഎസ്എസ് മുന്നോട്ട് വെക്കുന്നത് ഹിന്ദുത്വരാഷ്ട്രമാണ്. ഒരു ഭാഗത്ത് മതരാഷ്ട്രവാദികളാണ്. ഇപ്പുറത്ത് മതനിരപേക്ഷവാദികളാണ്. മതരാഷ്ട്രവാദികളോട് വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. മുസ്ലിം ലീഗിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ജോസഫ് മാഷിന്റെ കൈവെട്ടു കേസിനെ തുടർന്ന് കോട്ടക്കലിൽ ലീഗ് ഉൾപ്പെടെയുള്ള മുസ്ലിം മത സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജമാഅത്തെ ഇസ്ലാമിയെ ഒഴിവാക്കി. ഇതിനെത്തുടർന്ന് മാധ്യമം പത്രത്തിൽ ലീഗിനെ ആക്ഷേപിച്ചു കൊണ്ട് ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. അത് പരിഹാസമാണ്. അവര് പറഞ്ഞത് നിങ്ങൾ കോട്ടക്കൽ കഷായമാണ് ഉണ്ടാക്കിയതെന്നാണ്. ജമാഅത്തെ ഇസ്ലാമിയെ മതസംഘടനകളുടെ കൂട്ടത്തിൽ നിന്ന് ഒഴിവാക്കിയ ലീഗിന്റെ രാഷ്ട്രീയം കോട്ടക്കൽ കഷായമാണെന്ന് മാധ്യമം പരിഹസിച്ചു. എന്നാൽ, പിന്നീട് കണ്ടത് മുസ്ലിം ലീഗിനെക്കൊണ്ട് ആ കയ്പുള്ള കഷായം ജമാഅത്തെ ഇസ്ലാമിക്കാർ കുടിപ്പിക്കുന്നതാണ്. ചെറിയ കുട്ടികളെ തവിയുടെ കട വായിൽ തിരുകിയിട്ടാണ് കുടിപ്പിക്കുക. അതേപോലെ മുസ്ലിം ലീഗിനെ കോട്ടയം കഷായം ജമാഅത്തെ ഇസ്ലാമിക്കാർ കുടിപ്പിച്ചു- ജയരാജൻ പറഞ്ഞു.
'രാജ്യത്തെ രാഷ്ട്രീയത്തിൽ പല നിലപാടുകളും ഓരോ പാർട്ടിയും സ്വീകരിച്ചിട്ടുണ്ട്. മുമ്പ് സിപിഎം - സിപിഐ മുന്നണിയുടെ ഭാഗമായിരുന്നു മുസ്ലിം ലീഗ്. 1967 മുതൽ 69 വരെ ലീഗിന് മന്ത്രിസ്ഥാനം ആദ്യം കൊടുത്തത് സിപിഎം ആണ്. രാഷ്ട്രീയത്തിൽ പലതരതരത്തിലുള്ള കൂട്ടുകെട്ടുകളും ധാരണകളും ഉണ്ടാക്കിയിട്ടുണ്ടാവാം. ഇന്ന് വർത്തമാനകാലത്ത് ഒരു ഭാഗത്ത് ആർഎസ്എസ് ഹിന്ദു ഏകീകരണത്തിനുള്ള വർഗീയ മുദ്രാവാക്യം ഉയർത്തുമ്പോൾ ഇപ്പുറത്ത് മുസ്ലിം ഏകീകരണം എന്ന മുദ്രാവാക്യത്തിന്റെ പിന്നിലാണ് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും'- പി. ജയരാജൻ പറഞ്ഞു.
Content Highlights: p jayarajan press meet about his book after controversy