ഇന്റർസിറ്റിക്ക് ഒറ്റപ്പാലത്ത് സ്റ്റോപ്പ്: അവകാശവാദവുമായി കോൺഗ്രസും ബിജെപിയും, സ്വീകരണത്തിനിടെ ഉന്തുംതള്ളും

ഒറ്റപ്പാലം: ഇൻ്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിൽ അവകാശവാദമുന്നയിച്ച് കോൺഗ്രസും ബിജെപിയും. ട്രെയിനിന് സ്വീകരണമൊരുക്കാൻ ഇരുപക്ഷവും ഒന്നിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.
വ്യാഴാഴ്ച ഒറ്റപ്പാലം സ്റ്റേഷനിൽ തീവണ്ടി എത്തിയപ്പോഴായിരുന്നു സംഭവം. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസും വെസ്റ്റ് ജില്ല പ്രസിഡൻ്റ് പി. വേണുഗോപാലൻ്റെ നേതൃത്വത്തിൽ ബി.ജെ.പിയുമാണ് സ്വീകരണം നൽകിയത്. ചെണ്ടമേളവും പ്ലക്കാർഡുകളുമായായിരുന്നു കോൺഗ്രസ് സ്വീകരണം. ലഡു വിതരണംചെയ്തും താമരപ്പൂ നൽകിയുമായിരുന്നു ബി.ജെ.പിയുടെ സ്വീകരണം.
ഇരുനേതാക്കളും തീവണ്ടിയുടെ ലോക്കോ ക്യാബിനിൽ കയറി ലോക്കോ പൈലറ്റിനെ ആദരിക്കുകയും ചെയ്തു. ഇതിനായി തീവണ്ടിക്ക് മുന്നിൽ കനത്ത ഉന്തും തള്ളുമുണ്ടായി. ഒടുവിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും പ്രസംഗം നടത്തിയുമാണ് പരിപാടി അവസാനിപ്പിച്ചത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു സ്വീകരണപരിപാടി.