പരിചിതനെപ്പോലെയെത്തി, മോഷണത്തിനുമുൻപ്‌ ഇഡ്‌ഡലി കഴിക്കാനിരുന്നു; നായ കുരച്ചതോടെ ഓടിരക്ഷപ്പെട്ടു

#ന്യൂസ് ഡെസ്ക്
മോഷണത്തിനെത്തിയയാളുടെ ദൃശ്യം, ടെറസിൽ ഉപേക്ഷിച്ചുപോയ ഇഡ്‌ഡലിപ്പൊതി
മോഷണത്തിനെത്തിയയാളുടെ ദൃശ്യം, ടെറസിൽ ഉപേക്ഷിച്ചുപോയ ഇഡ്‌ഡലിപ്പൊതി

ഒറ്റപ്പാലം: വന്നത് മോഷ്ടിക്കാനാണെങ്കിലും വിശപ്പിന്റെവിളി കേൾക്കാതെ പറ്റുമോ? മോഷണത്തിനുമുമ്പ് ഇഡ്‌ഡലി തിന്ന് വിശപ്പടക്കാമെന്ന് വിചാരിച്ചവർക്ക് നിരാശ ബാക്കി.

മോഷണത്തിനെത്തിയ വീടിന്റെ ടെറസിലിരുന്ന് ഇഡ്‌ഡലി കഴിക്കാൻ തുടങ്ങിയവരാണ് നായ കുരച്ചെത്തിയതോടെ ഓടി രക്ഷപ്പെട്ടത്. പാലപ്പുറത്ത് കൊട്ടാരപ്പാട്ട് ശ്രീനിവാസന്റെ വീട്ടിലാണ് സംഭവം.

മോഷ്ടാക്കളിൽ ഒരാളുടെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ലുങ്കിയും ഷർട്ടുമാണ് ഇയാളുടെ വേഷം.

പരിചിതനെപ്പോലെ വീടിന്റെ ഗേറ്റ് തുറന്നെത്തിയ ആൾ കോണികയറി രണ്ടാം നിലയ്ക്ക് മുകളിലെ ടെറസിലെത്തി. ഇവിടെ ഇഡ്‌ഡലിയും കറിയും തുറന്നുവെച്ചു.

ഒപ്പം മറ്റൊരാൾകൂടി ഉണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. മോഷ്ടാവ് ഇയാളോട് സംസാരിക്കുന്നത് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് നായ കുരയ്ക്കുകയും വീട്ടുകാർ ഉണരുകയും ചെയ്തത്. ബഹളംവെച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.

ടെറസിനോട് ചേർന്നുള്ള ഫാൾസ് സീലിങ് തകർന്ന നിലയിലാണ്. ടെറസെന്ന് കരുതി കാൽവെച്ചപ്പോഴാകാം കോൺക്രീറ്റിനോടുചേർന്ന ഈ ഭാഗം തകർന്നതെന്ന് കരുതുന്നു.

ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ, നേരത്തേതന്നെ സ്ഥലം നോക്കിവെച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും വീട്ടുകാർ പറയുന്നു. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.

Content Highlights: Thieves broke into a house in Palappuram, Ottapalam at 3 AM., Suspects were caught on CCTV eating idli on the terrace before the robbery., The attempt was foiled by a barking dog and the homeowners waking up., Police investigation is currently underway using CCTV evidence., Damage to the false ceiling suggests the thieves miscalculated the structure.