ആശുപത്രിയിലും ലഹരിക്കെണി; ഇരയായ നഴ്സിൻ്റെ അനുഭവം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല | Photo: Mathrubhumi
രമേശ് ചെന്നിത്തല | Photo: Mathrubhumi

കോട്ടയം: ആശുപത്രിയിലും ലഹരിഉപയോഗം വല വിരിച്ചതിന്റെ അനുഭവകഥ പങ്കുവെച്ച്‌ ആഭ്യന്തരവകുപ്പുമന്ത്രി രമേശ്‌ ചെന്നിത്തല. കാരിത്താസ്‌ ആശുപത്രിയിൽ ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന ഓപ്പറേഷൻ തൂഫാൻ ഷീൽഡ് പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും നിർവഹിക്കുമ്പോഴാണ്‌ ഉദാഹരണമായി ഒരു നഴ്‌സിന്റെ ജീവിതാനുഭവം പറഞ്ഞത്‌. അതിങ്ങനെ:-

മയക്കുമരുന്നിന്റെ ദുഷ്‌ഫലങ്ങളെക്കുറിച്ച്‌ കൃത്യമായ അറിവുള്ള ഒരു നഴ്‌സ്‌ ഒരു റൂറൽ എസ്‌.പി.യുടെ അടുത്ത്‌ പരാതി പറയാൻ എത്തി. ചെറുപ്പക്കാരിയാണ്‌. 40 വയസ്സ്‌ വരും. ഈ നഴ്സിന്റേത് പ്രണയവിവാഹമായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ അവർ ജോലിക്കുകയറി. ജോലിസ്ഥലത്തുവെച്ച്‌ അവർ ലഹരിവഴിയിലേക്ക്‌ വീണു. ജോലിക്കിടെ പരിചയപ്പെട്ടവരിൽനിന്നാണ്‌ അവർക്ക്‌ ലഹരി കിട്ടിയത്‌. അവർ ഭർത്താവിനും ലഹരി നൽകി. ഇരുവർക്കും അത്‌ ആഘോഷമായി തോന്നി. ഒടുവിൽ ദമ്പതിമാർ എം.ഡി.എം.എ. പോലുള്ള രാസ ലഹരിയുടെ അടിമകളും കാരിയർമാരുമായി.

ഭാര്യ ആശുപത്രിയിലും ഭർത്താവ്‌ പുറത്തും ലഹരി ഇടപാടുകാരായി. വൈകാതെ ഇരുവരുടെയും ആരോഗ്യം ക്ഷയിച്ചു. ജീവിതം തകർന്നു. കാര്യങ്ങൾ കൈവിട്ടുപോയി. ജോലി നഷ്‌ടപ്പെട്ടു. അവരുടെ മക്കൾ കൗമാരപ്രായത്തിലേക്ക്‌ എത്തിയതോടെ അവർ ആ വഴിയിൽനിന്ന്‌ പിൻമാറാൻ ആഗ്രഹിച്ചു. അപ്പോൾ ലഹരിമാഫിയ അവരെ പിൻതുടരാൻ തുടങ്ങി. നാട്ടുകാർ ഇടപെട്ട്‌ അവരെ ഡീ അഡിക്‌ഷൻ സെന്ററിൽ എത്തിച്ചു. മക്കളെ ഒരു ചൈൽഡ്‌ ഹോം ഏറ്റെടുത്തു. ഭാര്യ ചികിത്സകഴിഞ്ഞ്‌ പുറത്തിറങ്ങി. ഭർത്താവ്‌ ഇപ്പോഴും ഡീ അഡിക്‌ഷൻ സെന്ററിൽ ചികിത്സയിലാണ്‌.

സ്‌ത്രീ പലയിടത്തും വാടകവീടുകളിൽ താമസിക്കാൻ തുടങ്ങി. എന്നാൽ ലഹരിമാഫിയയുടെ പഴയ ആളുകൾ അവരെ പിന്തുടർന്ന് ശല്യംചെയ്യാൻ തുടങ്ങി. അവർക്ക്‌ ഭയമായി. അങ്ങനെയാണ്‌ അവർ റൂറൽ എസ്‌.പി.യുടെ അടുത്തെത്തിയത്‌. സഹായിക്കണമെന്ന്‌ കണ്ണീരോടെ അപേക്ഷിച്ചു. എസ്‌.പി. ഇടപെട്ട്‌ സ്‌റ്റേഷൻപരിധിയിൽ അവരെ പിന്തുടരുന്നവരെ നിരീക്ഷിച്ചു. നിരവധിപേരെ അറസ്‌റ്റ്‌ ചെയ്‌തു. പഞ്ചായത്തുമായി സംസാരിച്ച്‌ അവർക്ക്‌ വീട്‌ ശരിയാക്കിക്കൊടുത്തു. ലഹരിയുടെ ഭവിഷ്യത്തുകൾ പഠിച്ച്‌ രോഗികളെ പരിചരിക്കേണ്ട നഴ്‌സ്‌ പോലും ഇതിന്റെ അടിമയായെങ്കിൽ ലഹരി മാഫിയ സൃഷിക്കുന്ന വിപത്ത്‌ എത്ര വലുതാണ്‌.

ഒരു നഴ്‌സ്‌ ജോലിചെയ്യുന്ന ആശുപത്രിയിൽപോലും ലഹരി സുലഭമായി കിട്ടുന്നുവെന്ന്‌ വന്നാൽ നമ്മൾ എവിടേക്ക്‌ പോകുന്നുവെന്ന്‌ ആലോചിക്കേണ്ടതാണ്‌- ആഭ്യന്തരമന്ത്രി പറഞ്ഞു.

Content Highlights: Home Minister Ramesh Chennithala launched Operation Toofan to curb drug abuse., A tragic case study of a nurse and her husband falling into MDMA addiction., Police intervention and de-addiction support provided to victims., Focus on strict monitoring of private institutions to prevent drug infiltration.