ഉമ്മൻചാണ്ടി ഗുരു, കണ്ടതിൽവെച്ച് ജനങ്ങളുടെ വികാരം ഏറ്റവുംകൂടുതൽ മനസ്സിലാക്കിയ നേതാവ്- രാഹുൽ ഗാന്ധി

ഉമ്മന്‍ ചാണ്ടി രണ്ടാംവാര്‍ഷിക അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ - ശിവപ്രസാദ് / മാതൃഭൂമി
ഉമ്മന്‍ ചാണ്ടി രണ്ടാംവാര്‍ഷിക അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുന്ന രാഹുല്‍ ഗാന്ധി | ഫോട്ടോ - ശിവപ്രസാദ് / മാതൃഭൂമി

കോട്ടയം: ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞ വലിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയില്‍ ഉള്‍പ്പെടെ പലപ്പോഴും തനിക്ക് അത് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് അദ്ദേഹം. ഇവിടെ ഇത്തരത്തിലുള്ള വ്യക്തികളുടെ പാരമ്പര്യംതന്നെയുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു മനുഷ്യന്റെ വികാരം മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഒരു വിഷയത്തെക്കുറിച്ച് അഗ്രഗണ്യമായി സംസാരിക്കുന്നതിനെക്കാളും ഒരു പ്രശ്‌നത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിനെക്കാളും പ്രധാനം. വികാരം ഉള്ളില്‍നിന്ന് വരേണ്ടതാണ്. ഒരു കര്‍ഷകനെക്കാണുമ്പോള്‍ മഴ പെയ്യുന്നില്ല എന്നോര്‍ത്ത് അദ്ദേഹം അനുഭവിക്കുന്ന ഭയം കാണാന്‍ നമുക്ക് കഴിയണം. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ ആ അവസാന നിമിഷത്തില്‍ എന്തായിരുന്നു ചിന്തിച്ചതെന്നും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്നും നമുക്ക് ചിന്തിക്കാനാവണം. ആ കഴിവിനെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. അല്ലാതെ നിങ്ങള്‍ പറയുന്നതോ ചിന്തിക്കുന്നതോ അല്ല. അത് ഏറ്റവും കൂടുതല്‍ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. 

തന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ട, മനുഷ്യന്റെ വികാരങ്ങള്‍ ഏറ്റവുംകൂടുതല്‍ മനസ്സിലാക്കിയ വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും രാഹുൽ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സ്വയം ഇല്ലാതായ അദ്ദേഹത്തെ നേരിട്ട് കണ്ട വ്യക്തിയാണ് ഞാന്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ ആരോഗ്യം അനുവദിക്കാതിരുന്നിട്ടും, അരുതെന്ന് താനടക്കം പലരും പറഞ്ഞിട്ടും അദ്ദേഹം നടക്കാന്‍ തയ്യാറായി. തുടര്‍ന്ന് കുറച്ചുദൂരം മാത്രം നടന്ന് അദ്ദേഹത്തെ നിര്‍ബന്ധിച്ച് കാറില്‍ തിരിച്ചയക്കുകയായിരുന്നു. ഇത് ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നവര്‍ക്ക് മാത്രം സാധ്യമായ കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. 

കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുടെ ഒരു പാരമ്പര്യംതന്നെയുണ്ട്. തന്റെ ആഗ്രഹമെന്നത് ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ളവരെ വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. രാഷ്ട്രീയജീവിതത്തിന്റെ തുടക്കം മുതല്‍ അദ്ദേഹവുമായി ബന്ധമുണ്ട്. അദ്ദേഹത്തില്‍നിന്ന് ഒട്ടെറെ കാര്യങ്ങള്‍ പഠിച്ചു. അദ്ദേഹം ക്രൂരമായ രാഷ്ട്രീയ ആക്രമണങ്ങള്‍ക്കിരയായി. നിര്‍ത്താതെയുള്ള നുണകള്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊണ്ടേയിരുന്നു.  ആ സമയത്തുപോലും അദ്ദേഹം മറ്റൊരാളെക്കുറിച്ച് ദേഷ്യത്തോടെ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. എപ്പോഴും വിനയാന്വിതനായി കേരളത്തിലെ ജനതയ്ക്കുവേണ്ടി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു. 

ആര്‍എസ്എസിനോടും സിപിഎമ്മിനോടും പ്രത്യയശാസ്ത്രപരമായാണ് തന്റെ എതിര്‍പ്പെന്നും രാഹുൽ പറഞ്ഞു. പ്രസംഗത്തിലാണ് അവരെ ആശയപരമായി എതിര്‍ക്കുന്നത്. അവര്‍ക്ക് ജനങ്ങളെക്കുറിച്ചുള്ള ചിന്തയില്ല എന്നതാണ് തനിക്കുള്ള ഏറ്റവും വലിയ പരാതി. ജനങ്ങളെ പുണരാന്‍ പറ്റാത്തവര്‍ക്ക് നേതാവാകാനും പറ്റില്ല. തന്റെ ഏറ്റവും വലിയ പരാതിയും ഇന്ത്യന്‍ രാഷ്ട്രീയത്തിൽ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരന്തവും അതാണ്.  ഗുരു എന്നും ടീച്ചര്‍ എന്നും രണ്ട് വാക്കുകളുണ്ട്. ടീച്ചര്‍ ഒരു കാര്യം വിശദീകരിച്ചുതരുന്ന വ്യക്തിയാണ്. പക്ഷേ, വഴികാട്ടിത്തരുന്നയാളാണ് ഗുരു. അത് സ്വയം പ്രവൃത്തികളിലൂടെയാണ് കാണിച്ചുതരിക. അങ്ങനെ നോക്കിയാല്‍ പല അര്‍ഥത്തിലും ഉമ്മന്‍ ചാണ്ടി തന്റെയും കേരളത്തിലെ ജനങ്ങളുടെയും ഗുരുവായിരുന്നു. ഏതെങ്കിലും ഉദ്ധരണികള്‍ പറഞ്ഞല്ല, പ്രവൃത്തികളിലൂടെയാണ് അദ്ദേഹം നമുക്ക് വഴികാട്ടിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.  

Content Highlights: ahul Gandhi Lauds Oommen Chandy's Legacy of Empathy at Second Death Anniversary