'ഇടഞ്ഞുനിന്ന അദാനിയുമായി സംസാരിച്ച 15 മിനിറ്റ്',വിഴിഞ്ഞത്ത് ഉമ്മൻചാണ്ടിയുടെ പങ്ക് ഓർമിപ്പിച്ച് തോമസ്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വഹിച്ച പങ്ക് ഓര്‍മ്മിപ്പിച്ച് കെ.വി. തോമസിന്റെ കുറിപ്പ്. കരാര്‍ ഏറ്റെടുക്കാന്‍ മറ്റാരുമില്ലാതിരുന്നകാലത്ത് അദാനി ഗ്രൂപ്പിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നതും അതിനായുള്ള പ്രാഥമികചര്‍ച്ചയ്ക്ക് താന്‍ വേദിയൊരുക്കിയ സാഹചര്യങ്ങളും പങ്കുവെക്കുന്നതാണിത്. കോണ്‍ഗ്രസില്‍നിന്നകന്ന് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കെ.വി. തോമസിന്റെ കുറിപ്പ്.
കുറിപ്പില്‍നിന്ന്
2015-ല്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായിരിക്കെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടൊപ്പം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് യാത്രചെയ്യുന്നതിനിടെയാണ് വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അദ്ദേഹം തന്നോടു പറഞ്ഞത്. പോര്‍ട്ടിന്റെ പണിയേറ്റെടുക്കാന്‍ ആരും തയ്യാറല്ല. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനദിവസം അദാനി ഗ്രൂപ്പിന്റെ പേരുമാത്രമാണ് ഉണ്ടായിരുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ തനിക്ക് നല്ലപരിചയമുണ്ട്. അദ്ദേഹത്തെ വിളിക്കാം. പക്ഷേ, സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും അദാനി ഗ്രൂപ്പിനോട് എതിര്‍പ്പുണ്ട്, ഇതിനുള്ള പരിഹാരം മുഖ്യമന്ത്രിതന്നെ കാണണമെന്നായിരുന്നു തന്റെ മറുപടി.
ഗൗതം അദാനിയെ വിളിച്ച് തുറമുഖത്തെക്കുറിച്ച് താങ്കളോട് നേരിട്ട് സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് താത്പര്യമുണ്ടെന്നറിയിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്: ''പ്രൊഫസര്‍ക്ക് കേരളത്തെക്കുറിച്ച് അറിയുന്നതുപോലെ കേരളത്തിലെ ട്രേഡ് യൂണിയന്‍ സാഹചര്യങ്ങളെക്കുറിച്ച് എനിക്കുമറിയാം. മാറിമാറിവരുന്ന സര്‍ക്കാരുകളും ഏതിനെയും വിമര്‍ശിക്കുന്ന മാധ്യമങ്ങളുമാണ് കേരളത്തിലുള്ളത്. തമിഴ്നാട്ടില്‍ രണ്ടായിരം ഏക്കര്‍ സ്ഥലം സൗജന്യമായി തരാമെന്നു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ടിട്ട് എന്താ കാര്യം'' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ആദ്യം ഉമ്മന്‍ചാണ്ടിയെ കാണൂ, അതിനുശേഷം തീരുമാനമെടുക്കാം എന്ന് താനും പറഞ്ഞു.
അങ്ങനെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖമന്ത്രി കെ. ബാബുവും ഉള്‍പ്പെട്ട സംഘം ഡല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയിലെത്തിയത്. അവിടെവെച്ച് അദാനിയും ഉമ്മന്‍ചാണ്ടിയും 15 മിനിറ്റോളം സ്വകാര്യമായി സംസാരിച്ചു. അതിനുശേഷം ഗൗതം അദാനി പറഞ്ഞു: ''പ്രൊഫസര്‍, ഐ വില്‍ കം ടു കേരള''. പിന്നീട് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍, ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ എന്നിവരെ അദാനി തിരുവനന്തപുരത്തുപോയി കണ്ടു.
പദ്ധതിയുടെ ആവശ്യകത സോണിയാഗാന്ധിയെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കുമായി. പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോയത് പിണറായി വിജയന്‍ സര്‍ക്കാരാണെന്നും തോമസിന്റെ കുറിപ്പില്‍ പറയുന്നു.
Content Highlights: oommen chandy convinced gautam adani for vizhinjam seaport project says kv thomas