ശുദ്ധീകരിച്ച ജലം ടാങ്കറുകൾ വഴി വിതരണം ചെയ്യുക ലക്ഷ്യം; സ്വകാര്യ ടാങ്കറുകൾക്ക് പൂട്ടിടാൻ പദ്ധതി

തിരുവനന്തപുരം: കുടിവെള്ളമെന്നപേരിൽ മലിനജലം വിതരണംചെയ്യുന്നുവെന്ന പരാതികളെത്തുടർന്ന് സ്വകാര്യ ടാങ്കറുകൾക്ക് പൂട്ടിടാൻ പദ്ധതി തയ്യാറാകുന്നു. ശുദ്ധീകരിച്ച ജലംമാത്രം ടാങ്കറുകൾ വഴി വിതരണംചെയ്യാനാണ് ജല അതോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും കൈകോർക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ നടപ്പാക്കിയ പരീക്ഷണം വിജയമായതോടെയാണ് സംസ്ഥാനമൊട്ടാകെ ഇത് നടപ്പാക്കാൻ ജല അതോറിറ്റി മുൻകൈയെടുക്കുന്നത്. കുടിവെള്ളം വിതരണംചെയ്യുന്ന ടാങ്കറുകളിൽ 90 ശതമാനവും സ്വകാര്യമേഖലയിലാണ്.
ടാങ്കറുകളിൽ വെള്ളം ശേഖരിക്കുന്നത് ജല അതോറിറ്റിയുടെ വിതരണകേന്ദ്രങ്ങളിൽനിന്നുമാത്രമാക്കും. അല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്ത് പിഴയീടാക്കും. കിലോമീറ്ററും ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവും അനുസരിച്ച് ടാങ്കറുകളുടെ നിരക്കും മുൻകൂർ നിശ്ചയിക്കും. കൃത്യത ഉറപ്പാക്കാൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കും.
വ്യക്തികൾക്കും സംഘടനകൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ഓൺലൈൻ വഴിയും ടാങ്കർ വെള്ളം ബുക്കുചെയ്യാം. ഇതിനായി ഓൺലൈൻസംവിധാനം തയ്യാറാക്കാൻ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. വിതരണത്തിനുള്ള സ്വകാര്യ ടാങ്കറുകളടക്കമുള്ളവ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർചെയ്യണം. ഓൺലൈൻ വഴിയാണ് ഉപഭോക്താവ് തുക അടയ്ക്കേണ്ടത്. ടാങ്കറുകളുടെ വാടക ഉടമകൾക്ക് ജല അതോറിറ്റി കൈമാറും.
Content Highlights: only purified water through tankers new project to be implemented