ക്ലാസ് മുറികള്‍ മാത്രമല്ല; കലോത്സവങ്ങളും ഇവിടെ ഓണ്‍ലൈനാണ്

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലം പലതരം നഷ്ടങ്ങളുടെ കാലം കൂടിയായിരുന്നു. പരീക്ഷകള്‍ക്കപ്പുറം സെന്റോഫുകളും കലോത്സവങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അവരുടെ കലാലയ കാലത്തെ വലിയൊരു ഓര്‍മകൂടിയാണ് ഇല്ലാതായത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ട കലോത്സവങ്ങളെ ഓണ്‍ലൈനാക്കി ശ്രദ്ധേയനായിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശി ശ്രീനാഥ് ഗോപിനാഥന്‍. അങ്ങനെ സംസ്ഥാനത്തെ ആദ്യത്തെ സോഷ്യല്‍ മീഡിയ കലോത്സവം വാട്‌സ് ആപ്പിലൂടെ അരങ്ങേറി.
ഇതിനകം 12 കോളേജുകളില്‍ ഓണ്‍ലൈന്‍ കലോത്സവം അരങ്ങേറിക്കഴിഞ്ഞു. വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് കലോത്സവം പൂര്‍ത്തിയാക്കുന്നത്. വിധികര്‍ത്താക്കളും പ്രഗത്ഭരാണ്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടിയ ഡോ. നികിത ഹരി, സുപ്രീം കോടതി അഭിഭാഷക ശുഭ്രംഗി നാസ, പ്രശസ്ത നര്‍ത്തകി ഡോ. സ്വാതി പി ഭരദ്വാജ് തുടങ്ങിയവരാണ് മാര്‍ക്കിടാന്‍ എത്തിയത്. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സ്നേഹ പാലിയേരി, സംവിധായകരായ നിസാം ബഷീര്‍, മനു അശോകന്‍, ജിബു ജേക്കബ്, എംസി ജോസഫ് തുടങ്ങിയവരും ജഡ്ജിങ് പാനലില്‍ ഇടം പിടിച്ചു.
രാവിലെ 10 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സരത്തിനുള്ള വിഷയം 15 മിനിറ്റുമുമ്പ് നല്‍കും. മത്സരയിനങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ വാട്സാപ്പ് വഴി നല്‍കണം. ഓരോ മത്സരയിനത്തിനും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഈ ദൃശ്യങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലാക്കി ലിങ്ക് വിധികര്‍ത്താക്കള്‍ക്ക് അയച്ചുകൊടുക്കും. ഒരോ മത്സരയിനത്തിനുള്ള വിധികര്‍ത്താക്കള്‍ക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുണ്ട്. അപ്പീല്‍ വന്നാല്‍ വിദഗ്ധ പരിശോധനയിലൂടെ ഫലം പ്രഖ്യാപിക്കും.
മത്സര ക്രമം തീരുമാനിക്കുന്നതു മുതല്‍ വിധികര്‍ത്താക്കളെ ഒരുക്കുന്നതും വിധി നിര്‍ണയത്തിനുള്ള ഗ്രൂപ്പുകളുണ്ടാക്കുന്നതുമെല്ലാം ശ്രീനാഥിന്റെ മേല്‍നോട്ടത്തിലാണ്. എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥികളുടെ സംഘടനയായ ടെക്‌നോസ് കേരളയുടെ മുന്‍ സംസ്ഥാന കണ്‍വീനറായിരുന്നു കലാകൗമാരത്തെ ഓണ്‍ലൈനാക്കുന്ന ഈ ഉദ്യമത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ശ്രീനാഥ് ഗോപിനാഥന്‍. വിദ്യാഭ്യാസ കാലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ സംഘടനയായ ടെക്‌നോസിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളും പരിചയവും കരുത്തായെന്നും ശ്രീനാഥ് പറയുന്നു.
Content Highlights: