60-ൽ അധികം ഫ്‌ളോട്ടുകള്‍, കാഴ്ചക്കാരായി ആയിരങ്ങൾ; ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഇത്തവണത്തെ ഓണാം വാരാഘോഷത്തിന് സമാപനമായി. അരിക്കൊമ്പനും ചന്ദ്രയാനും അടക്കമുള്ള വിഷയങ്ങള്‍ പ്രമേയമാക്കിയ അറുപതിലധികം ഫ്‌ളോട്ടുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാരും പാരമ്പര്യകലകളും അണിചേര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയും വാരാഘോഷ സമാപന പരിപാടിയെ സമ്പന്നമാക്കി.
വൈകീട്ട് അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാനവീയം വീഥിയില്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമീപം ഒരുക്കിയ പവലിയനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം ഘോഷയാത്ര കാണാനെത്തി. മുഖ്യാതിഥിയായ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഗവര്‍ണര്‍ക്ക് പതാക കൈമാറി. വാദ്യകലാകാരന്‍ സുരേഷ് വാമനപുരത്തിന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാദ്യോപകരണമായ കൊമ്പ് കൈമാറിയതോടെ വാദ്യഘോഷത്തിനും തുടക്കമായി.
മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രന്‍, വി. ജോയ്, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, ഡി.കെ. മുരളി, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് തുടങ്ങിയവരും ഘോഷയാത്ര കാണാനെത്തിയിരുന്നു. ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള പാതയുടെ ഇരുവശവും ഉച്ചയോടെ തന്നെ ആയിരങ്ങള്‍ ഇടം പിടിച്ചിരുന്നു.
എം.എല്‍.എ.മാരായ ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി. ജോയ്, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.ബി നൂഹ് തുടങ്ങിയവരും പങ്കെടുത്തു.
മത്സ്യബന്ധന, മ്യൂസിയം- മൃഗശാലാ വകുപ്പുകളുടെ ഫ്ളോട്ടുകള്‍ക്ക് പുരസ്‌കാരം
ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഐ.എസ്.ആര്‍.ഒ.യ്ക്കും രണ്ടാംസ്ഥാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്ളോട്ടുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാംസ്ഥാനം കെ.ടി.ഡി.സി.യുടെയും രണ്ടാംസ്ഥാനം കെ.എസ്.ഐ.ഡി.സി.യുടെയും ഫ്‌ളോട്ടുകള്‍ സ്വന്തമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ളോട്ടുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചു.
സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പി.എം.എസ്. കോളേജ് ഓഫ് ഡെന്റല്‍ സയന്‍സും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്‌സും പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ പാവപ്പൊലിമയും (ഫ്‌ളോട്ട് നമ്പര്‍ 77) ദൃശ്യ ഇവന്റ്‌സും (ഫ്‌ളോട്ട് നമ്പര്‍ 76) യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ബാബു ആശാന്‍ അവതരിപ്പിച്ച ചെണ്ടമേളത്തിനും യേശുദാസ് അവതരിപ്പിച്ച ചെണ്ടമേളത്തിനും ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്തു.
Content Highlights: onam varaghosham thiruvananthapuram