ബമ്പറടിച്ചത് ആര്‍ക്ക്? ഭാഗ്യവതിയെ തേടി മാധ്യമങ്ങളും നാട്ടുകാരും; ഒടുവില്‍ ട്വിസ്റ്റ്

#കെ.ആര്‍. സേതുരാമന്‍
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

അരൂര്‍: ഓണം ബമ്പര്‍ ടിക്കറ്റ് വിറ്റ നെട്ടൂരിലെ രോഹിണി ട്രേഡേഴ്സ് ഉടമ ലതീഷടക്കം വിശ്വസിച്ചിരുന്നത് നെട്ടൂര്‍ സ്വദേശിനിക്കാണ് സമ്മാനമടിച്ചതെന്നാണ്. എടുത്ത ടിക്കറ്റിന് ചെറിയ നമ്പര്‍ വ്യതാസത്തില്‍ ബമ്പര്‍ സമ്മാനം നഷ്ടമായെന്ന് ഇവര്‍ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ബമ്പര്‍ ഭാഗ്യവതിയെത്തേടി മാധ്യമങ്ങളും നാട്ടുകാരും പരക്കം പായുന്നതിനിടെയാണ് നാടകീയമായി 'ഭാഗ്യവാന്‍' രംഗപ്രവേശം ചെയ്തത്. അതുവരെ കഥകളും അഭ്യൂഹങ്ങള്‍ക്കും യാതൊരു പഞ്ഞവും ഉണ്ടായില്ല.

ബമ്പറടിച്ച സ്ത്രീ ചന്തിരൂരിലെ ചെമ്മീന്‍ ഫാക്ടറി ജീവനക്കാരിയാണെന്നും തിങ്കളാഴ്ച ടിക്കറ്റ് ചന്തിരൂരിലെ ബാങ്കില്‍ ഹാജരാക്കുമെന്നുമൊക്കെ വാര്‍ത്ത പരന്നിരുന്നു. അതോടെ ചന്തിരൂരിലെ മൂന്ന് ബാങ്കുകള്‍ക്കു മുന്നിലും മാധ്യമങ്ങളുടെ വാഹനങ്ങള്‍ നിരന്നു. 10.30-ഓടെ ടിക്കറ്റ് അരൂരിലെ ബാങ്കുകളിലെവിടെയെങ്കിലുമാകാം നല്‍കുന്നതെന്ന ശ്രുതി പരന്നതോടെ ദേശീയപാതയിലെ കുരുക്കില്‍ പെട്ട് ഏറെ വലഞ്ഞ് അരൂര്‍ അമ്പലത്തിനും ബൈപ്പാസിനും ഇടയിലുള്ള എല്ലാ ബാങ്കുകളിലും ഇവര്‍ എത്തി. ബാങ്കുകാരും പ്രതീക്ഷയോടെ ഭാഗ്യവതിയെ കാത്തിരുന്നു. എന്നാല്‍, ഒരിടത്തും ഭാഗ്യവതി പ്രത്യക്ഷപ്പെട്ടില്ല.

ഇതിനിടെ ചന്തിരൂര്‍ ഭാഗത്തെ ചെമ്മീന്‍ ഫാക്ടറി ഉടമകള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവരെയൊക്കെ പത്രപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. ഒടുക്കം എല്ലാവരും നിരാശരായി ഇരിക്കുമ്പോഴാണ് 12 മണിയോടെ ഭാഗ്യവാന്‍ തുറവൂര്‍ ആലക്കാപറമ്പിലുള്ള എസ്ബിഐ ശാഖയിലെത്തി ടിക്കറ്റ് കൈമാറുമെന്ന വാര്‍ത്ത വന്നത്. വാര്‍ത്ത ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ എല്ലാവരും തുറവൂരിലേക്ക് പാഞ്ഞു. അവിടെയെത്തുമ്പോഴാണ് ഭാഗ്യവതിയല്ലെന്നും തൈക്കാട്ടുശ്ശേരി സ്വദേശി ശരത് എസ്. നായരാണ് ഭാഗ്യവാനെന്നും തിരിച്ചറിഞ്ഞത്.

Content Highlights: The search for the Onam Bumper winner led to a dramatic twist. Initial reports pointed to a woman, but a man ultimately claimed the prize, surprising media and locals