തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ഇതാദ്യമായി 90 ലക്ഷം ബമ്പർ ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞവർഷം 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിറ്റ ടിക്കറ്റുകളുടെ എണ്ണം. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ടിക്കറ്റാണ് നറുക്കെടുപ്പിന് ഒരുദിവസം ബാക്കിനിൽക്കെ മുഴുവനും തീർന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന പാലക്കാട് ജില്ലയിലടക്കം മിക്ക ലോട്ടറി കാര്യാലയങ്ങളിലും ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച രാവിലെയുമായി ടിക്കറ്റുകൾ തീർന്നിരുന്നു. കാര്യാലയങ്ങളിൽ ടിക്കറ്റുകൾ കിട്ടാനില്ലെന്നത് പ്രചരിച്ചതോടെ മൊത്തവിതരണക്കാർ ജില്ലകൾ മാറിയെത്തി വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. ടിക്കറ്റുകൾ ബാക്കിയുള്ള ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലുമെത്തി ഇവർ ടിക്കറ്റുകൾ വാങ്ങിയതോടെ വിൽപന പൂർണമായി.
കനത്ത മഴയായതിനാൽ ഇക്കുറി ഓണക്കാലത്ത് പ്രതീക്ഷിച്ചത്ര വിൽപന നടന്നില്ല. പക്ഷെ, ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ പ്രതീക്ഷിച്ചതിനേക്കാൾ ടിക്കറ്റുകൾ വിറ്റുപോകുകയും ചെയ്തു. ഈ മാസം രണ്ടാം വാരമായപ്പോഴേക്കും വിൽപന 75 ലക്ഷം പിന്നിട്ടു. പിന്നീടിങ്ങോട്ട് വിൽപ്പനയുടെ വേഗം കൂടി. ആഗ്രഹിക്കുന്ന ജില്ലകളിലെ ടിക്കറ്റുകളെടുക്കാനുള്ള സൗകര്യവും ചെറുകിട വിൽപന ശാലകളിലുണ്ട്. സർക്കാർ കാര്യാലയങ്ങളിൽ ടിക്കറ്റുകൾ മുഴുവനും തീർന്നെങ്കിലും മൊത്തവിതരണ കേന്ദ്രങ്ങളിലും ചില്ലറവിൽപന ശാലകളിലും ടിക്കറ്റുകൾ ബാക്കിയുണ്ട്. ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. അതുവരെ വിൽക്കാനുള്ളതുണ്ടെന്ന് മൊത്ത-ചില്ലറ വിൽപന ഏജന്റുമാർ പറയുന്നു.
500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകൾ വിൽപന നടത്തിയതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. ഏജന്റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്ന തുക ടിക്കറ്റൊന്നിന് 411 രൂപയാണ്. ജി.എസ്.ടി. ഉൾപ്പെടെയാണിത്. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ച് ഒരു ടിക്കറ്റിന് സർക്കാരിന് കിട്ടുന്നത് ഏകദേശം 268 രൂപയാണ്. ഈ കണക്കനുസരിച്ച് 90 ലക്ഷം ടിക്കറ്റുകൾക്ക് സർക്കാർ ഖജനാവിലെത്തിയത് 241.20 കോടിയിലധികം രൂപയാണ്. ഇതിൽ 125.54 കോടി രൂപ സമ്മാന ഇനത്തിൽ നൽകണം. 90 ലക്ഷം ടിക്കറ്റുകൾക്ക് ജി.എസ്.ടി. ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയാണ്. ഇതിന്റെ പാതി സ്വാഭാവികമായും കേരളത്തിന് കിട്ടും. ഒന്നാംസമ്മാനത്തിന്റെ തുകയിലുൾപ്പെടെ ലഭിക്കുന്ന നികുതി വേറെയും.
2022-ലാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയും ടിക്കറ്റ് വില 500 രൂപയുമാക്കിയത്. ആ വർഷം 66.55 ലക്ഷവും 2023 ൽ 75.76 ലക്ഷവും ടിക്കറ്റുകളാണ് വിറ്റത്. ഇത്തവണ ടിക്കറ്റ് നിരക്കിൽ മാറ്റമൊന്നും വരുത്താതെയാണ് 30 കോടി രൂപ ഒന്നാം സമ്മാനമാക്കിയത്. ഏതാനും ദിവസത്തിനുള്ളിൽ 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ ടിക്കറ്റുകൾ വിൽപനയ്ക്കെത്തും.
Content Highlights: Historic record of 90 lakh Thiruvonam Bumper tickets sold, Rs 30 crore first prize draw scheduled for Saturday at 2 PM, Total turnover reached Rs 450 crore with significant government revenue, Upcoming Pooja Bumper with Rs 12 crore first prize to launch soon