ഓണത്തിന് കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ; ടിക്കറ്റ് റിസർവേഷൻ ഇന്നുമുതൽ

ചെന്നൈ/ബെംഗളൂരു: ഓണയാത്രത്തിരക്ക് കുറയ്ക്കാൻ റെയിൽവേ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽനിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കും ആണ് തീവണ്ടികളനുവദിച്ചത്.
ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ അഞ്ചുവരെ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. വെള്ളി, ഞായർ ദിവസങ്ങളിലാണ് മടക്ക സർവീസ്.
തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് സർവീസ് നടത്തുക. അതിനടുത്ത ദിവസം മടക്കസർവീസുമുണ്ടാകും.
ഓഗസ്റ്റ് ഒൻപത്, 16, 23, 30, സെപ്റ്റംബർ ആറ് തീയതികളിലാണ് എറണാകുളം ബെംഗളൂരു സർവീസ്. ബെംഗളൂരു -എറണാകുളം സർവീസ് ഓഗസ്റ്റ് 10, 17, 24, 31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിലാണ്.
ചെന്നൈ സെൻട്രൽ-കൊല്ലം
ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന വണ്ടി (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്തെത്തും.
കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് തീയതികളിൽ വൈകീട്ട് 6.45-ന് തിരിച്ച് (06118) പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും.
ഒരു ഫസ്റ്റ് ക്ലാസ് കം എ.സി. ടു ടിയർ, രണ്ട് എ.സി.ടു ടിയർ കോച്ച്, 13 സ്ലീപ്പർ കോച്ച് രണ്ട് ജനറൽ കോച്ച് എന്നിവയുണ്ടാകും.
പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരം നോർത്ത്-മംഗളൂരു
തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് എന്നീ ദിവസങ്ങളിലാണ് പ്രത്യേക സർവീസ്.
തിരുവനന്തപുരത്തുനിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന വണ്ടി(06093) രാത്രി ഒൻപതിന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3.15-ന് തിരിക്കുന്ന വണ്ടി(06094) പിറ്റേന്ന് രാവിലെ 5.30-ന് തിരുവനന്തപുരം സെൻട്രലിലെത്തും.
വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
ബെംഗളൂരു-എറണാകുളം സ്പെഷ്യൽ
എറണാകുളം-ബെംഗളൂരു എസ്.എം.വി.ടി. എക്സ്‌പ്രസ് (06147) ഓഗസ്റ്റ് ഒൻപത്, 16,23,30, സെപ്റ്റംബർ ആറ് തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.45-ന് എസ്.എം.വി.ടി.യിൽ എത്തും.
ബെംഗളൂരു എസ്.എം.വി.ടി.-എറണാകുളം എക്സ്‌പ്രസ് (06148) ഓഗസ്റ്റ് 10, 17,24, 31 സെപ്റ്റംബർ ഏഴ് ദിവസങ്ങളിൽ വൈകീട്ട് നാലിന് എസ്.എം.വി.ടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും.
കെ.ആർ. പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.
Content Highlights: Railway announces special trains for Onam 2026 connecting Chennai, Bengaluru, and Kerala. Check full schedules, routes, and booking details here.