‘18 ആയാൽ പി.എസ്.സി എഴുത്, പോലീസിൽ കയറ്’; കോവിഡ് കവർന്ന അമ്മയുടെ പാതയിൽ ഒലീവ പോലീസായി

#ന്യൂസ് ഡെസ്‌ക്‌

തൃശ്ശൂർ: 'പതിനെട്ടായാൽ പി.എസ്.സി. എഴുത്. എന്നെപ്പോലെ പോലീസിൽ കയറ്.' കോവിഡ് ബാധിച്ച് മരിക്കുംമുൻപ്, അമ്മ ഉഷയുടെ വാക്കുകൾ യാഥാർഥ്യമാക്കിയ ദിവസമായിരുന്നു കുന്നംകുളം അകതിയുർ തറമേൽ വീട്ടിൽ ഒലീവയ്ക്ക് വ്യാഴാഴ്ച.

അന്നു ചിരിച്ചുതള്ളിയ ആവശ്യം അമ്മയുടെ മരണത്തോടെ മോഹമായി മാറുകയായിരുന്നു. വ്യാഴാഴ്ച സി.പി.ഒ. ആയി യൂണിഫോം അണിഞ്ഞപ്പോൾ അമ്മയുടെ ആഗ്രഹസഫലീകരണമായി. ആശ്രിതനിയമനമായിരുന്നു ഒലീവയുടേതെങ്കിലും പോലീസിൽനിന്നും മാറി റവന്യൂ വകുപ്പിൽ ക്ലാർക്കാകാനാണ് അച്ഛനും റിട്ട. എസ്.ഐ.യുമായ ടി.കെ. ബാലൻ ആവശ്യപ്പെട്ടത്. അതു മറികടന്നാണ് ഒലീവ പോലീസായത്.

കുന്നംകുളം സ്റ്റേഷനിലെ സീനിയർ സി.പി.ഒ. ആയിരുന്നു അമ്മ കെ.വി. ഉഷ. പോക്‌സോ കോടതിയിലെ ലേസൺ ഓഫീസർ കൂടിയായിരുന്നു ഇവർ. കോവിഡിന്റെ ആദ്യ താണ്ഡവം തീർന്ന സമയത്ത് പോക്‌സോ കേസുകളുടെ വിചാരണ ആരംഭിച്ചിരുന്നു. ഇതിനു പോയിക്കൊണ്ടിരിക്കുമ്പോഴാണ് ഉഷയ്ക്ക് കോവിഡ് ബാധിച്ചത്. 2021-ലായിരുന്നു ഉഷയുടെ മരണം.

ഉഷയുടെ മരണശേഷം ഒലീവയ്ക്കായി ആശ്രിതനിയമനത്തിനായി അപേക്ഷ നൽകുമ്പോൾ അച്ഛൻ ബാലൻ, റവന്യൂ വിഭാഗത്തിൽ ക്ലാർക്ക് എന്ന് എഴുതിക്കൊടുക്കുകയായിരുന്നു. പോലീസ് ജീവിതം അത്രത്തോളം സുഖകരമല്ല എന്ന അഭിപ്രായമായിരുന്നു ഇതിനുകാരണം. തൃശ്ശൂർ വിജിലൻസിൽനിന്ന് എസ്.ഐ. ആയി മൂന്നുവർഷംമുൻപാണ് ഇദ്ദേഹം വിരമിച്ചത്. പക്ഷേ, ഒലീവ ഇതു തിരുത്തി. പോലീസിൽത്തന്നെ ചേർന്നു.

Content Highlights: Olive joined the Kerala Police as a CPO fulfilling her late mother's dream., Her mother, Usha, was a Senior CPO who passed away due to COVID-19 in 2021., Despite her father's preference for a Revenue Department job, Olive chose the police force., The story highlights a powerful narrative of honoring parental legacy.