കോൺഗ്രസ് സഹകരണസംഘത്തിൽ സിപിഎം നേതാവിന്റെ മകൾക്ക് നിയമനം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കൊല്ലം: കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണസംഘത്തിൽ സിപിഎം ജില്ലാ നേതാവിന്റെ മകൾക്ക് നിയമനം നൽകിയതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മുൻ ശൂരനാട് ഏരിയ നേതൃത്വത്തിലിരുന്ന സിപിഎം ജില്ലാ നേതാവിന്റെ മകൾക്കാണ് കോൺഗ്രസ് ഭരിക്കുന്ന ഓച്ചിറ സർവീസ് സംഘത്തിൽ നിയമനം നൽകിയത്.
ഭരണസമിതി തീരുമാനപ്രകാരം സിപിഎം നേതാവിന്റെ മകൾ കഴിഞ്ഞദിവസം ജോലിക്കു കയറിയതിനുപിന്നാലെ ഓച്ചിറ പള്ളിമുക്കിൽ ബാങ്ക് പ്രസിഡന്റായ കോൺഗ്രസ് നേതാവിനെതിരേ യൂത്ത് കോൺഗ്രസിന്റെ പേരിൽ ബോർഡുകൾ സ്ഥാപിച്ചു.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റിനിർത്തിയാണ് സിപിഎം നേതാവിന്റെ മകൾക്ക് ഭരണസമിതി നിയമനം നൽകിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഈ നിയമനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്.
നേരത്തേ സിപിഎം ഭരിച്ചിരുന്ന ഈ സഹകരണസംഘം സിപിഎമ്മിലെ പരമേശ്വരൻ പോറ്റി വിഭാഗം പിണങ്ങിപ്പിരിഞ്ഞതോടെ പ്രതിസന്ധിയിലായിരുന്നു. തുടർന്നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലും സിപിഎം ഭരണം പിടിച്ചെടുത്തു. എന്നാൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണംപിടിക്കുകയായിരുന്നു.
സഹകരണസംഘം പ്രസിഡന്റിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെപിസിസി, ഡിസിസി നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. മകൾക്ക് നിയമനം ലഭിച്ചതിനു പിന്നാലെ സിപിഎം നേതാവിനെതിരേ പാർട്ടി അനുഭാവികൾ സാമൂഹികമാധ്യമങ്ങളിൽ പരസ്യ പ്രതികരണം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഓച്ചിറ, തഴവ പഞ്ചായത്തുകളിൽ ഇടതുമുന്നണിക്കുണ്ടായ വോട്ടുചോർച്ചയുടെ യഥാർഥ കാരണം അന്വേഷിക്കണമെന്ന ആവശ്യവും ഇവർ ഉന്നയിക്കുന്നു.
Content Highlights: Youth Congress protests appointment of CPM leader`s daughter in a Congress-run cooperative society