അന്ന് ഉമ്മൻ ചാണ്ടിയോട് പിണങ്ങി ഒന്നിക്കാനിറങ്ങി, ഇന്ന് സതീശനോട്; പക്ഷെ 10നാൾ പോലും തികച്ചില്ല

ചങ്ങനാശ്ശേരി: മൂന്നുതവണ തല്ലിപ്പിരിഞ്ഞ ചരിത്രമുള്ള എൻഎസ്എസ്-എസ്എൻഡിപി, വീണ്ടും ഐക്യം പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ തന്നെ രാഷ്ട്രീയ കേരളത്തിന് മുമ്പിൽ നീക്കം ഒരു ചോദ്യചിഹ്നമായിരുന്നു, ഇത്തവണത്തെ ഐക്യത്തിന് എത്ര ദിവസത്തെ ആയുസ് എന്നത്. തെറ്റിയില്ല, വിരലിലെണ്ണാവുന്ന ദിവസത്തെ ആയുസ് മാത്രമായിരുന്നു എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യ ചർച്ചകൾക്ക്. ഒൻപതാം നാൾ ഐക്യം തകർന്നു.
ജനുവരി 17നാണ് വെള്ളാപ്പള്ളി നടേശൻ നായർ-ഈഴവ ഐക്യം എന്ന നിർദേശം മുന്നോട്ട് വെച്ചത്. അതിവേഗം സുകുമാരൻ നായർ ഇതിന് കൈക്കൊടുത്തു. എന്നാൽ പത്ത് ദിവസം പോലും തികച്ചില്ല എന്നതാണ് ശ്രദ്ധേയം.
പല കാരണങ്ങളാലും പലതവണ എൻഎസ്എസ് -എസ്എൻഡിപി ഐക്യം വിജയിക്കാത്ത സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യശ്രമം പരാജയമാകുമെന്ന കാര്യം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാൽ വ്യക്തമാകുന്നുവെന്നായിരുന്നു എൻഎസ്എസ് വിശദീകരിച്ചത്. വീണ്ടും ഒരു ഐക്യം പ്രായോഗികമല്ലെന്നും മറ്റെല്ലാം സമുദാങ്ങളോടും പോലെ എസ്എൻഡിപിയോടും സൗഹാർദ്ദത്തിൽ വർത്തിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമായിരുന്നു വാർത്താകുറിപ്പിൽ.
ഊപാധികളില്ലാതെയാണ് തങ്ങൾ ഒന്നിക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞത്. നായാടി മുതൽ നസ്രാണി വരെ ഐക്യമുണ്ടാക്കുമെന്നും എൻഎസ്എസുമായി ചേർന്ന് തീരുമാനമെടുക്കുമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു.
നേരത്തെ എസ്എൻഡിപിയുമായി ഉണ്ടായിരുന്ന ഭിന്നത ഇപ്പോൾ ഇല്ലെന്നായിരുന്നു സുകുമാരൻ നായർ ഐക്യ ചർച്ച സംബന്ധിച്ച ചോദ്യങ്ങൾക്ക് അന്ന് നൽകിയ പ്രതികരണം. തുഷാർ വെള്ളാപ്പള്ളി വന്നതിനു ശേഷം ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ ഇന്ന് ഇതിൽ നിന്ന് വിപരീതമായാണ് സുകുമാരൻ നായരുടെ വാക്കുകൾ. തുഷാർ വെള്ളാപ്പള്ളിയെ ദൂതനാക്കിയതാണ് ഐക്യ തകർച്ചയ്ക്ക് കാരണമെന്ന തരത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ നേതാവിനെയാണോ ദൂതനായി അയക്കുന്നത് എന്നായിരുന്നു സുകുമാരൻ നായർ ഇന്ന് ചോദിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ തുഷാർ വെള്ളാപ്പള്ളി വരുന്നതിനെ അനുകൂലിച്ച സുകുമാരൻ നായർക്ക് പെട്ടെന്നുള്ള മനംമാറ്റം എന്തുകൊണ്ട് എന്ന ചോദ്യം ബാക്കിയാണ്.
1976-ലും 2005-ലും ഒടുവിൽ 2012-ലും ആയിരുന്നു എൻഎസ്എസ്- എസ്എൻഡിപി ഐക്യശ്രമങ്ങൾ ഉണ്ടായത്. ഉമ്മൻ ചാണ്ടി സർക്കാരിൽ ന്യൂനപക്ഷങ്ങൾ പിടിമുറുക്കിയെന്ന് വിമർശിച്ചു കൊണ്ടായിരുന്നു 2012ലെ കൈകോർക്കൽ. രണ്ടു വർഷത്തിനുള്ളിൽ തന്നെ ഈ ഐക്യം തകർന്നു. ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയിലെ താക്കോൽസ്ഥാനങ്ങൾ തുടങ്ങിയ ചർച്ചകളിലുടക്കിയാണ് ഇരുവരും തെറ്റിപ്പിരിഞ്ഞത്.
സമാനമാണ് ഇത്തവണയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേയും മുസ്ലിം ലീഗിനെതിരേയും നിരന്തരം കടന്നാക്രമിച്ചു കൊണ്ടാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തുന്നത്. അതിരൂക്ഷ ഭാഷയിലായിരുന്നു യുഡിഎഫിനെതിരേ വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപങ്ങൾ. ഇതിന് പിന്നാലെയാണ് എൻഎസ്എസുമായി കൈകോർക്കാനൊരുങ്ങുന്നതായുള്ള പ്രഖ്യാപനം ഉണ്ടാകുന്നത്. എൻഎസ്എസ്-എസ്എൻഡിപി യോഗം ഐക്യ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്ന വേളയിൽ ജി. സുകുമാരൻ നായരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു.
നേരത്തെതന്നെ എൽഡിഎഫ് അനുഭാവമായിരുന്നു വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ചിരുന്നത്. വീണ്ടും പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പറഞ്ഞിരുന്നു. മകൻ തുഷാർ വെള്ളാപ്പള്ളി ബിജെപിയുടെ ഭാഗമാണ്. ഐക്യത്തിന് കൈകൊടുത്താൽ അത് രാഷ്ട്രീയമുതലെടുപ്പിലേക്ക് നീങ്ങുമെന്നും മുന്നിൽ കണ്ടാണ് എൻഎസ്എസ് ഐക്യത്തിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. പെരുന്നയിൽ തുഷാർ വെള്ളാപ്പള്ളി എത്തുമ്പോൾ മകനെ പോലെ സ്വീകരിക്കുമെന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്. എന്നാൽ തുഷാറിനെ വെച്ചുള്ള ഈ നീക്കം തങ്ങൾ പിന്നീട് ആലോചിച്ച് മനസ്സിലാക്കിയെന്നാണ് സുകുമാരൻ നായർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു എൻഎസ്എസ് ആസ്ഥാനത്ത് ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. തുഷാർ വെള്ളാപ്പള്ളിയുമായുള്ള ചർച്ചൾക്ക് ശേഷം ഡയറക്ടർ ബോർഡ് യോഗം ചേരാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇതിന് നേർവിപരീതമായാണ് ഇന്നത്തെ സ്ഥിതി. സുകുമാരൻ നായർ തന്നെയാണ് ഐക്യം വേണ്ട എന്ന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചത്. ഇതിന് ഡയറക്ടർ ബോർഡിന്റെ പൂർണ്ണ പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു.
വെള്ളാപ്പള്ളി നടേശൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നേരത്തെ നേരിട്ട് കണ്ടിരുന്നു. തികച്ചും സൗഹൃദപരമെന്ന കൂടിക്കാഴ്ചയെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. കഴിഞ്ഞ ദിവസം എൻഎസ്എസ് ആസ്ഥാനത്ത് മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയും എത്തിയിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുമായി അടച്ചിട്ട മുറിയിൽ അരമണിക്കൂറോളം സംഭാഷണം നടത്തുകയും ചെയ്തു. ശേഷം മാധ്യമങ്ങളെ കണ്ട ഇരുവരും, കൂടിക്കാഴ്ച തികച്ചും സൗഹൃദപരമെന്നായിരുന്നു എന്നാണ് പറഞ്ഞത്.
കഴിഞ്ഞദിവസമായിരുന്നു വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിക്കുന്നത്. ഇതിന്റെ ആഘോഷം നിലക്കും മുമ്പേ ആണ് ഐക്യ ശ്രമത്തിനും അതിലൂടെയുള്ള അദ്ദേഹത്തിന്റെ ലക്ഷ്യത്തിനും തിരിച്ചടി നേരിട്ടിരിക്കുന്നത്.
Content Highlights: NSS-SNDP Alliance Crumbles: A Pattern of Disunity in Kerala Politics