വിശ്വാസത്തെ തകർത്തല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടത്,ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു-സുകുമാരൻനായർ

#ന്യൂസ് ഡെസ്ക്
ജി. സുകുമാരന്‍ നായര്‍
ജി. സുകുമാരന്‍ നായര്‍

ആലപ്പുഴ: ശബരിമല യുവതീപ്രവേശം സംബന്ധിച്ചുള്ള എൻഎസ്എസ് നിലപാടിൽ മാറ്റമില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കേന്ദ്രസർക്കാർ ഇപ്പോഴാണ് വിഷയത്തിൽ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാനസർക്കാർ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജി. സുകുമാരൻ നായർ പറഞ്ഞു. സർക്കാർ പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ബെഞ്ചിന്റെ ഭാഗത്ത് നിന്നും ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാരിന് നിലവിൽ ഇടപെടാൻ കഴിയും, പക്ഷെ കേന്ദ്രസർക്കാരിന്റ നിലപാട് എന്തെന്ന് വ്യക്തമല്ലെന്നും സുകുമാരൻ നായർ പറ‍ഞ്ഞു. സംസ്ഥാന സർക്കാർ നിലവിലുള്ള ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ ആറ് വർഷമായി മുന്നോട്ടു പോകുന്നു. സർക്കാർ നിലവിൽ യുവതീപ്രവേശനത്തിനു വേണ്ടി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടതെന്ന് പറഞ്ഞ അദ്ദേഹം നാമജപ ഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ മാധ്യമങ്ങളോട്  പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ. 

Content Highlights: NSS reiterates its stance on Sabarimala women`s entry, urging the Kerala govt and Centre for protection of traditions. Seeks withdrawal of cases against protestors.