ആളുകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്, ആനന്ദബോസിനെ തള്ളി സുകുമാരൻ നായർ

ജി. സുകുമാരൻനായർ | Photo: Mathrubhumi
ജി. സുകുമാരൻനായർ | Photo: Mathrubhumi

തിരുവനന്തപുരം: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റെ ആരോപണത്തെ തള്ളി എൻഎസ്എ‌സ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ലെന്നും ആനന്ദബോസ് മന്നം സമാധിയിൽ വന്നിട്ട് കയറാൻ കഴിയാതെ ഒരിക്കലും പോയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

ആനന്ദബോസ് എന്തെങ്കിലും മനസ്സിൽ വെച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്. ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുമുണ്ട്, പുഷ്പാർച്ചന നടത്തിയിട്ടുമുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

അസമയത്ത് ഏതെങ്കിലും ഭ്രാന്തൻ വന്ന് അകത്തു കയറി തൊഴുതിട്ടു പോയാൽ ആര് സമാധാനം പറയും. ഞങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെയെന്നും മോഹൻലാൽ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്ന് വരെ പറഞ്ഞു പരത്തിയില്ലേയെന്നും സുകുമാരൻ നായർ പ്രതികരിച്ചു.

ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം നിരസിച്ചുവെന്നായിരുന്നു സി.വി ആനന്ദബോസ് ആരോപിച്ചത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമാണെന്നും ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിലെത്തുന്നതെന്നും ആനന്ദബോസ് തുറന്നടിച്ചിരുന്നു.

Content Highlights: NSS General Secretary G Sukumaran Nair refutes West Bengal Governor C.V. Ananda Bose`s allegations of being denied entry at Mannam Samadhi. Read the full story.